പെരിയ ഇരട്ട കൊലക്കേസ്: പതിനാലാം പ്രതി കെ. മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്
പഞ്ചായത്തീരാജ് ആക്ട് 340 പ്രകാരം അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നടപടി


കാസർകോട്: പെരിയ ഇരട്ട കൊലക്കേസ് പതിനാലാം പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് തെരഞ്ഞടുപ്പ് കമ്മീഷന്റെ നോട്ടീസ്. പഞ്ചായത്തീരാജ് ആക്ട് 340 പ്രകാരം അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിലാണ് നടപടി. മാർച്ച് 11ന് നേരിട്ട് ഹാജരാകാനാണ് നിർദേശം.
പതിനാലാം പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠനെ എറണാകുളം സിബിഐ കോടതി കഴിഞ്ഞ മാസം 3ന് ശിക്ഷിച്ചിരുന്നു. മണി കണ്ഠന് പുറമെ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കമുള്ള സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം വീതം തടവിനും പിഴയടക്കാനുമായിരുന്നു ശിക്ഷ വിധിച്ചത്. പഞ്ചായത്തീരാജ് ആക്ട് 340 പ്രകാരം മണിക്കണ്ഠനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗം കല്യോട്ടെ എം.കെ ബാബുരാജാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
പരാതി ഫയലിൽ സ്വീകരിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 11ന് നേരിട്ട് ഹാജരാകാൻ കെ. മണികണ്ഠന് നോട്ടീസയക്കുകയായിരുന്നു. പെരിയ ഇരട്ടക്കൊലക്കേസ്സിൽ സിബിഐ കോടതി 10 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം തടവും നാല് നേതാക്കൾക്ക് അഞ്ച് വർഷം വീതം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്.