ഡല്‍ഹി സ്വദേശികളുടെ പീഡനം; കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു
എറണാകുളത്ത് താമസിക്കുന്ന ഡല്‍ഹി സ്വദേശികളായ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ കേസ് അന്വേഷിക്കുന്നതില്‍ നോര്‍ത്ത് പൊലീസിന് വീഴ്ച ഉണ്ടായെന്ന് പരാതി ഉയര്‍ന്നിരുന്നു
എറണാകുളത്ത് താമസിക്കുന്ന ഡല്‍ഹി സ്വദേശികളായ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കേസന്വേഷിച്ച എറണാകുളം നോര്‍ത്ത് പൊലീസ് കള്ളക്കേസെടുത്തെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് നടപടി
എറണാകുളത്ത് താമസിക്കുന്ന ഡല്‍ഹി സ്വദേശികളായ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായ കേസ് അന്വേഷിക്കുന്നതില്‍ നോര്‍ത്ത് പൊലീസിന് വീഴ്ച ഉണ്ടായെന്ന് പരാതി ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളെ സഹോദരന്മാര്‍ പീഡിപ്പിച്ചു എന്ന് പൊലീസ് കള്ളക്കേസ് ഉണ്ടാക്കിയെന്നും കൈക്കൂലി ആവശ്യപ്പെട്ടെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണം. കേസ് അന്വേഷണത്തിന്‍റെ നടപടി ക്രമങ്ങളില്‍ നോര്‍ത്ത് പൊലീസ് ഗുരുതരമായ ക്രമക്കേട് നടത്തിയെന്ന് വകുപ്പ് തല അന്വേഷണത്തിലും ബോധ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. എറണാകുളം ക്രൈംബ്രാഞ്ച് എസിപി ബിജി ജോര്‍ജിനാണ് അന്വേഷണച്ചുമതല.
പെണ്‍കുട്ടികള്‍ വീട് വിടാനുണ്ടായ സാഹചര്യവും പീഡനത്തിനിരയായതും ക്രൈംബ്രാഞ്ച് പരിശോധിക്കും. ആഗസ്റ്റ് 21ന് ഡല്‍ഹിക്ക് പോയ പെണ്‍കുട്ടികളെ 26നാണ് കണ്ടെത്തിയത്. പിന്നീട് പെണ്‍കുട്ടിയുടെ മൂന്ന് സഹോദരന്മാര്‍ക്കെതിരെയും ഡല്‍ഹി സ്വദേശിയായ ഒരാള്‍ക്കെതിരെയും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. സഹോദരന്മാരെ അറസ്റ്റ് ചെയ്തത് പെണ്‍കുട്ടികളുടെ മൊഴി പ്രകാരമാണെന്നാണ് പൊലീസിന്റെ വിശദീകരണം. അന്വേഷണം നടത്താന്‍ പരാതിക്കാരെ കൊണ്ട് വിമാനടിക്കറ്റ് എടുപ്പിച്ചതിന് എഎസ്ഐ വിനോദ് കൃഷ്ണ അടക്കം നോര്‍ത്ത് സ്റ്റേഷനിലെ മൂന്ന് പേര്‍ക്കെതിരെ കഴിഞ്ഞദിവസം നടപടി എടുത്തിരുന്നു. വിമാനയാത്ര നടത്തിയ ദിവസം ഡല്‍ഹിയിലേക്കുള്ള ട്രെയിനിലും പൊലീസ് ടിക്കറ്റ് എടുത്തിരുന്നു. ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ വിനോദ് കൃഷ്ണക്കെതിരെ വിശദമായ വകുപ്പ് തല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.