'അനീഷ് വരുമെന്ന് അറിയാമായിരുന്നു, കാത്തിരുന്ന് കൊല നടത്തി': പേട്ട കൊലപാതകം; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു
അനീഷ് വീട്ടിലേക്ക് വരുമെന്ന ധാരണ സൈമണിന് നേരത്തേ ഉണ്ടായിരുന്നെന്നും പ്രതി വ്യക്തി വൈരാഗ്യം മനസ്സിൽ സൂക്ഷിച്ചിരുന്നെന്നും പേട്ട സി.ഐ റിയാസ് രാജ പറഞ്ഞു.
തിരുവനന്തപുരം പേട്ടയിൽ മകളുടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയ പ്രതി സൈമണുമായാണ് തെളിവെടുത്തത്. അനീഷിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി കൊന്നതല്ലെന്ന് പൊലീസ് പറഞ്ഞു. അനീഷ് വരുമെന്ന ധാരണ സൈമണിന് ഉണ്ടായിരുന്നെന്നും പ്രതി വ്യക്തി വൈരാഗ്യം മനസ്സിൽ സൂക്ഷിച്ചിരുന്നെന്നും പേട്ട സി.ഐ റിയാസ് രാജ പറഞ്ഞു.
മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ലാലൻ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. അനീഷിനെ തടഞ്ഞുവെച്ച ശേഷം നെഞ്ചിലും മുതുകിലും കുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആയുധം പ്രതി ലാലൻ വാട്ടർ മീറ്റർ ബോക്‌സിൽ ഒളിപ്പിച്ചിരുന്നു. മകളുടെ മുറിയിൽ നിന്ന് ഒരാൾ ഇറങ്ങിപോകുന്നത് കണ്ടപ്പോൾ കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് ലാലു ആദ്യം പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാല്‍ അത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സൈമണ്‍ കുറ്റസമ്മതം നടത്തിയത്.
പ്രാഥമികമായി വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. അനീഷും ലാലനും അടുത്തടുത്ത് താമസിക്കുന്നവരാണ്. എന്നാൽ മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് അനീഷിന്‍റെ കുടുംബം ആരോപിച്ചു.