വാറന്‍റി സമയത്ത് ഫോൺ തുടർച്ചയായി തകരാറിലായി, 26,000 രൂപ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

6,200 രൂപയുടെ മൊബൈൽ ഫോൺ വാങ്ങി രണ്ടുമാസത്തിനുള്ളിൽ തന്നെ പ്രവർത്തനരഹിതമായിരുന്നു

Update: 2024-07-08 10:12 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി : ഒരു വർഷത്തെ വാറണ്ടിയുള്ള ഫോൺ വാങ്ങി രണ്ട് മാസത്തിനുള്ളിൽ തുടർച്ചയായി തകരാറിലായ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. നിർമ്മാണപരമായ ന്യൂനതയായി കണ്ട് ഫോണിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവുമടക്കം  26,000 രൂപ ഉപഭോക്താവിന് നൽകണമെന്നാണ് ഉത്തരവ്. എറണാകുളം അങ്കമാലി സ്വദേശി കെ.എൻ മോഹൻ ബാബു സമർപ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്.

2018 ഡിസംബർ മാസത്തിലാണ് ഒരു വർഷത്തെ വാറണ്ടിയോടെ 6,200/- രൂപ നൽകി റെഡ്മിയുടെ മൊബൈൽ ഫോൺ പരാതിക്കാരൻ വാങ്ങിയത്. മൊബൈൽ ഫോൺ വാങ്ങി രണ്ടുമാസത്തിനുള്ളിൽ തന്നെ പ്രവർത്തനരഹിതമായി. ഫോൺ വാറന്‍റി നിലനിൽക്കെ, ഫോണിന്‍റെ പാർട്സ് മാറ്റുന്നതിന് 3999 രൂപ എതിർ കക്ഷികൾ ആവശ്യപ്പെടുകയും റിപെയർ ചെയ്ത് നൽകാതിരിക്കുകയും ചെയ്തു. ഫോൺ വെള്ളത്തിൽ വീണ് തകരാറിലായതാണെന്നും വാറണ്ടി ഇതിന് ബാധകമല്ല എന്ന നിലപാടാണ് എതിർകക്ഷികൾ കോടതിയില്‍ സ്വീകരിച്ചത്.

"ഫോൺ വാങ്ങി രണ്ടുമാസത്തിനകം തന്നെ തുടർച്ചയായി തകരാറിലായ സാഹചര്യത്തിൽ അത് നിർമ്മാണപരമായ ന്യൂനതയായി കണ്ട് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ എതിർ കക്ഷികൾക്ക് ബാധ്യതയുണ്ടെന്ന് ഡി. ബി.ബിനു പ്രസിഡന്റ് വി. രാമചന്ദ്രൻ , ടി.എൻ  ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ  കോടതി ഉത്തരവിട്ടു.

ഫോണിന്‍റെ വിലയായ 6,320 രൂപയും 10,000 രൂപ നഷ്ടപരിഹാരം,10,000 രൂപ കോടതി ചെലവ് എന്നിവ ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്ന് കോടതി എതിർകക്ഷികൾക്ക് നിർദേശം നൽകി. പരാതികാരന് വേണ്ടി അഡ്വ. എം ആർ നന്ദകുമാർ കോടതിയിൽ ഹാജരായി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News