മോദി അയോധ്യയിൽ പൂജ നടത്തിയപ്പോൾ വീട്ടിൽ പൂജ നടത്തിയയാളാണ് കമൽനാഥ്: മുഖ്യമന്ത്രി
ഇൻഡ്യ മുന്നണിയെ കോൺഗ്രസ് പാടേ അവഗണിച്ചു. ഒറ്റക്ക് ജയിക്കാമെന്ന അമിത ആത്മവിശ്വാസമാണ് മധ്യപ്രദേശിൽ തിരിച്ചടിയായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂർ: മോദി അയോധ്യയിൽ പൂജ നടത്തിയപ്പോൾ വീട്ടിൽ പൂജ നടത്തിയയാളാണ് കോൺഗ്രസ് നേതാവ് കമൽനാഥെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ വക്താക്കൾ തന്നെയാണ് തങ്ങളും എന്നു വരുത്താനാണ് കോൺഗ്രസ് ശ്രമിച്ചത്. താൻ ഹനുമാൻ ഭക്തനാണെന്നും രാമക്ഷേത്രം ആദ്യം പ്രാർഥനക്കായി തുറന്നതെന്നും പറഞ്ഞത് ബി.ജെ.പിയുടെ അതേനയം തന്നെ ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചതാണ് കോൺഗ്രസിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് ഒറ്റക്ക് ബി.ജെ.പിയെ പരാജയപ്പെടുത്താനാവില്ല. അതിനാണ് ഇൻഡ്യ മുന്നണി രൂപീകരിച്ചത്. എന്നാൽ അതിനെ പാടേ അവഗണിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. സമാജ്‌വാദി പാർട്ടിക്ക് ഒരു സീറ്റ് പോലും കൊടുക്കാൻ കമൽനാഥ് തയ്യാറായില്ല. കോൺഗ്രസിന്റെ ദേശീയ നേതൃത്വവും ഇതിൽ ഇടപെടാൻ തയ്യാറായില്ല. ഒരുമിച്ച് നിന്നാൽ ബി.ജെ.പിയെ തോൽപ്പിക്കാനാവും. അതിന് കോൺഗ്രസ് എല്ലാവരെയും ചേർത്തുനിർത്തുന്ന സമീപനം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.