'തിരക്കഥ ബിജെപി, സംവിധാനം പിണറായി'- തൃശൂരിലെ ഡീൽ പാലക്കാട്ടും ആവർത്തിച്ചെന്ന് കെ.സി
ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്നായിരുന്നു സുധാകരന്റെ പ്രതികരണം
കോഴിക്കോട്: രാജ്യത്ത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ് പാലക്കാട് ഉണ്ടായതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ബിജെപിയുടെ തിരക്കഥയിൽ പിണറായി സംവിധാനം ചെയ്ത പരിശോധനയാണുണ്ടായതെന്നും കൊടകര കള്ളപ്പണക്കേസ് മറച്ചുപിടിക്കാനുള്ള ശ്രമമാണിതെന്നും വേണുഗോപാൽ പറഞ്ഞു.
വേണുഗോപാലിന്റെ വാക്കുകൾ:
"ബിജെപി നേതൃത്വത്തിന്റെ തിരക്കഥയിൽ മുഖ്യമന്ത്രി സംവിധാനം ചെയ്ത ഭീകര നാടകമാണ് ഇന്നലെ പാലക്കാട് അരങ്ങേറിയത്. രണ്ട് ഉന്നതരായ വനിതാ നേതാക്കളുടെ കിടപ്പ് മുറിയിലേക്ക് അർധരാത്രി പൊലീസിനെ അയച്ച് അവരെ അപമാനിക്കുകയായിരുന്നു ഉദ്ദേശം. അങ്ങേയറ്റം ഗൗരവകരമാണിത്. എല്ലാ നിയമങ്ങളുടെയും ലംഘനവുമാണ്. ഇന്ത്യാ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല.
കൊടകര കള്ളപ്പണത്തെ മറച്ചു പിടിക്കാനുള്ള നാടകമാണുണ്ടായത്, വെറുതെ വിടാൻ കോൺഗ്രസിന് ഉദ്ദേശമില്ല. ഉത്തരവാദിത്തപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും. 12 മണി കഴിഞ്ഞ് റെയ്ഡ് നടത്താൻ എങ്ങനെയാണ് ഉത്തരവ് ഉണ്ടായത്? ആരാണാ ഉത്തരവ് കൊടുത്തത്? രാഷ്ട്രീയപരമായും നിയമപരമായും വിഷയത്തെ നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനം".
പാലക്കാട് നടന്നത് പൊലീസ് അതിക്രമമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരനും നേരത്തേ പ്രതികരിച്ചിരുന്നു. ആണത്തമില്ലാത്ത തെമ്മാടിത്തരമാണ് പൊലീസ് നടത്തിയതെന്നായിരുന്നു സുധാകരന്റെ പ്രതികരണം. തുടർ പ്രതിഷേധം ആലോചിച്ച് തീരുമാനമെടുക്കുമെന്നും സുധാകരൻ പറഞ്ഞു.
അതേസമയം പാലക്കാട് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ ഇന്നലെ രാത്രി പൊലീസ് നടത്തിയ പാതിരാ പരിശോധനയിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. പാലക്കാട് എസ്പി ഓഫീസ് മാർച്ചിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.