ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് പിണറായി വിജയൻ: കെ സുധാകരൻ

ഗോവിന്ദൻ പിണറായി വിജയന്റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുക്കാരൻ എന്ന നിലയിലേക്ക് തരംതാണെന്നും വിമർശനം

Update: 2024-06-21 10:55 GMT
Pinarayi Vijayan is a ghost guarding the skeleton of a soulless party: K Sudhakaran,kpccpresident,keralacm,ldf,cpm,latestnews
AddThis Website Tools
Advertising

തിരുവനന്തപുരം: ആത്മാവ് നഷ്ടപ്പെട്ട പാർട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.അണികൾ ചോരയും നീരും നൽകി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്റെയും ഭരണത്തിന്റെയും തലപ്പത്തിരിക്കുന്നവർ ചീഞ്ഞുനാറുന്നത് തിരുത്തൽ യജ്ഞക്കാർ കണ്ടില്ലെന്ന് നടിച്ചെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ യഥാർത്ഥ പരാജയ കാരണങ്ങളിലേക്കു കടക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണം ഒരുക്കാനാണ് തിരുത്തൽ യജ്ഞം നടത്തിയത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കാതിരിക്കണമെങ്കിൽ യഥാർത്ഥ തിരുത്തൽ പ്രക്രിയയ്ക്കു തുടക്കം കുറിക്കണമെന്നും അത് പിണറായിൽ നിന്നായിരിക്കണമെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനെപ്പോലെ കരുതുന്ന ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിനേക്കാൾ പിണറായി വിജയന്റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുക്കാരന്‍ എന്ന നിലയിലേക്ക് തരംതാണു. പാർട്ടിയിൽനിന്ന് അടപടലം വോട്ട് മറിഞ്ഞിട്ടും തിരുത്തലിനു തയാറാകാതെ കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത് ലാഭവിഹിതം പങ്കുപറ്റിയവരാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

തോൽവിയുടെ യഥാർത്ഥ കാരണമായ മുഖ്യമന്ത്രിയുടെ ധിക്കാരം, അഴിമതി, ആർഭാടം, വിദേശയാത്രകൾ, ജനങ്ങളോടുള്ള പുച്ഛം തുടങ്ങിയവയൊന്നും ചർച്ചയ്ക്കു വരാതെ പാർട്ടി സെക്രട്ടറി സംരക്ഷിച്ചു. പാർട്ടി ശക്തികേന്ദ്രങ്ങളിൽ നടക്കുന്ന ബോംബ് നിർമാണവും ബോംബ് സ്‌ഫോടനവുമൊക്കെ പാർട്ടി മാത്രം കാണുന്നില്ല. അതിനെതിരേ രംഗത്തുവരുന്ന സ്ത്രീകളെപ്പോലും ഭീഷണിപ്പെടുത്തുന്നു. എസ്എഫ്‌ഐ ഗുണ്ടകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട  സിദ്ധാർത്ഥിനെപ്പോലുള്ളവരുടെ നിലവിളി കേൾക്കാൻ സിപിഎമ്മിനു കഴിയുന്നില്ല.

ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കെ മുഖ്യമന്ത്രി, രാഹുൽ ഗാന്ധിക്കെതിരേ നടത്തിയ ക്രൂരമായ പരാമർശങ്ങൾപോലും തിരുത്താൻ തയാറല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിണറായിയെ പിന്തുണച്ച ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിയെ വിവരദോഷിയെന്ന് പിണറായി വിജയൻ വിളിച്ചത് 19 സീറ്റിൽ തോറ്റതിനു ശേഷമാണ്. ഇതേ രീതിയിലാണ് 99 സീറ്റിൽ ജയിപ്പിച്ചുവിട്ട ജനങ്ങളോടുള്ള പെരുമാറ്റമെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ സിപിഎമ്മിന്റെ ശവക്കുഴി തോണ്ടുമെന്നും സുധാകരൻ വാർത്താ കുറിപ്പിൽ പറഞ്ഞു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News