ജിഫ്രി തങ്ങൾക്കെതിരെ വധഭീഷണി മുഴക്കിയവരെ വെളിച്ചത്ത് കൊണ്ടുവരണം; ഡിവൈഎഫ്‌ഐ വിഷയം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നു: പി.കെ ഫിറോസ്

'മനോനില നഷ്ടപ്പെട്ട ആരോ തയ്യാറാക്കിയ കുറിപ്പാണ് ഡി.വൈ.എഫ്.ഐയുടെ പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. അത് പുറത്തുവിട്ടത് സംസ്ഥാന കമ്മിറ്റിയുടെ അറിവോടെ തന്നെയാണോ എന്നവർ വ്യക്തമാക്കണം'.

Update: 2021-12-28 09:47 GMT
Advertising

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന വാർത്ത ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി ഭീഷണി മുഴക്കിയ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരണം. അതേസമയം ഡിവൈഎഫ്‌ഐ വധഭീഷണി മുഴക്കിയ വിഷയത്തെ വഴിതിരിച്ച് വിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയുടെ അദ്ധ്യക്ഷനാണ് ബഹുമാനപ്പെട്ട ജിഫ്രി മുത്തുക്കോയ തങ്ങൾ. അദ്ദേഹത്തിനെതിരെ വധഭീഷണി കോൾ വന്നുവെന്നത് ഗൗരവത്തോടെയാണ് കാണേണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി ഭീഷണി മുഴക്കിയ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരണം.

അതേസമയം, ഭരണ കക്ഷിയുടെ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ വധഭീഷണി വിഷയത്തെ വഴി തിരിച്ച് വിടാനാണ് ശ്രമിക്കുന്നത്. സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിന് നൽകില്ലെങ്കിലും ബാക്കി എല്ലാ അട്ടിപ്പേറവകാശവും ലീഗിന് നൽകാൻ മത്സരിക്കുകയാണ് ഇക്കൂട്ടർ.

മനോനില നഷ്ടപ്പെട്ട ആരോ തയ്യാറാക്കിയ കുറിപ്പാണ് ഡി.വൈ.എഫ്.ഐയുടെ പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. അത് പുറത്തുവിട്ടത് സംസ്ഥാന കമ്മിറ്റിയുടെ അറിവോടെ തന്നെയാണോ എന്നവർ വ്യക്തമാക്കണം. ആട്ടിൻ കുട്ടികളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാമെന്ന ചെന്നായയുടെ ബുദ്ധി ഉപയോഗിച്ചതാണെങ്കിൽ അതൊക്കെ തിരിച്ചറിയാനുള്ള വിവേകം ഇന്നാട്ടിലെ മനുഷ്യർക്കുണ്ട് എന്ന് ഡി.വൈ.എഫ്.ഐ മനസ്സിലാക്കണം.

വഖഫ് സംരക്ഷണ റാലിയുടെ മഹാ വിജയത്തിന് ശേഷം കലി പൂണ്ട സി.പി.എം ലീഗിനെ എത്ര ചൊറിഞ്ഞിട്ടും അസുഖം മാറാത്തത് ചൊറിച്ചിൽ സ്വന്തം ദേഹത്തായത് കൊണ്ടാണ്. ഈ അസുഖം ഡി.വൈ.എഫ്.ഐക്കും പിടിപെട്ടത് സ്വാഭാവികമാണ്. നാളെ മറ്റ് വർഗബഹുജന സംഘടനകൾക്കും പിടിപെടുമെന്ന കാര്യം ഉറപ്പാണ്. നിങ്ങൾ പരസ്പരം രോഗ ശമനത്തിന് ഉപായം കണ്ടെത്തുകയാണ് വേണ്ടത്. എപ്സം അഥവാ ഇന്തുപ്പ് നല്ലതാണെന്ന് കാർന്നോർമാർ പറയാറുണ്ട്. സത്യമാണോന്ന് ഉപയോഗിച്ച് നോക്കിയിട്ട് പറയൂ. അല്ലാതെ ലീഗിന്റെ മേക്കിട്ട് കയറിയിട്ട് ഒരു കാര്യവുമില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News