കേന്ദ്രത്തിനെതിരെ യൂത്ത് ലീഗ് നടത്തിയ സമരങ്ങൾ എണ്ണിപ്പറഞ്ഞ് കെ.ടി ജലീലിന് ഫിറോസിന്റെ മറുപടി
സംവാദത്തിനാണെങ്കിൽ പാണക്കാട് തങ്ങൾ വരട്ടെ എന്ന് പറഞ്ഞ ജലീൽ ഇപ്പോൾ യൂത്ത് ലീഗിനെ സംവാദത്തിന് വിളിക്കുന്നത് മന്ത്രിസ്ഥാനത്തിനൊപ്പം ഓർമശക്തിയും നഷ്ടമായതുകൊണ്ടാണോ എന്നും ഫിറോസ് ചോദിച്ചു.
കോഴിക്കോട്: കേന്ദ്രസർക്കാരിനും സംഘ്പരിവാറിനുമെതിരെ ലീഗും യൂത്ത് ലീഗും മിണ്ടുന്നില്ലെന്ന കെ.ടി ജലീൽ എം.എൽ.എയുടെ ആരോപണത്തിന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. സി.എ.എ-എൻ.ആർ.സിക്കെതിരെ ഡെ നൈറ്റ് മാർച്ചും ശാഹിൻബാഗ് സമരവും അടക്കും അവസാനം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ നടത്തിയ നൈറ്റ് മാർച്ച് അടക്കം എണ്ണിപ്പറഞ്ഞാണ് ഫിറോസിന്റെ മറുപടി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കെ.ടി ജലീലിന്റെ ഒരു ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടു. സ്വജനപക്ഷപാതവും അഴിമതിയും കയ്യോടെ യൂത്ത് ലീഗ് പിടികൂടിയതിനെ തുടർന്ന് ഹൈക്കോടതി ചെവിക്ക് പിടിച്ച് മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് ശേഷം നിലതെറ്റി ഫെയിസ്ബുക്കിൽ പലതും എഴുതാറുണ്ടെങ്കിലും ഒന്നും കാര്യമാക്കാറില്ല. അദ്ദേഹത്തിന് വന്ന് പെട്ട അവസ്ഥയാലോചിച്ച് സഹതാപം തോന്നിയിട്ടുണ്ട് എന്നതാണ് വാസ്തവം. എന്തൊക്കെ പറഞ്ഞാലും ലീഗുകാർ കുറച്ച് മനുഷ്യപ്പറ്റുള്ള കൂട്ടത്തിലാണല്ലോ. എന്നാൽ ഈ പോസ്റ്റ് എന്റെ ചില സുഹൃത്തുക്കൾ അയച്ചു തന്നിട്ട് 'ഒരു മറുപടി കൊടുത്താളീ' എന്ന് പറഞ്ഞതോണ്ട് എന്നാ പിന്നെ അങ്ങിനെ ആവട്ടെ എന്ന് ഞാനും കരുതി.
മോദിക്കെതിരെ സമരം ചെയ്യാൻ ഡി.വൈ.എഫ്.ഐ ഭയങ്കര ജോറാണെന്നും യൂത്ത് ലീഗ് മൗനത്തിലാണെന്നുമാണ് മൂപ്പര് പറയുന്നത്. പിണറായി അധികാരത്തിലേറി ഏഴു കൊല്ലത്തിനിടയിൽ ഉണ്ണിയപ്പത്തിന്റെ വില കൂടിയതിന്റെ പേരിൽ ഹോട്ടലുകൾക്കെതിരെയും ആമസോൺ കാടുകളിൽ തീപിടിച്ചതിനെതിരെ അവധി ദിവസം ബ്രസീൽ എംബസിക്കെതിരെയും സമരം ചെയ്തതിന് ശേഷം ആദ്യമായി മോദിയോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു എന്നതാണ് യമണ്ടൻ സംഭവമായി അങ്ങേര് പറയുന്നത്. എന്നാൽ മോദിക്കെതിരെ, സംഘ്പരിവാറിനെതിരെ നിരന്തരം തെരുവിൽ സമരം ചെയ്യുന്ന സംഘടനയുടെ പേര് യൂത്ത് ലീഗ് എന്നാണ്.
CAA-NRC നിയമം കൊണ്ടു വന്നപ്പോൾ 40 ദിവസമാണ് യൂത്ത് ലീഗ് ഷഹീൻ ബാഗ് സംഘടിപ്പിച്ചത്. ഡൽഹി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഷഹീൻബാഗിന് നേതൃത്വം നൽകിയത് ഞങ്ങളായിരുന്നു. പൂക്കോട്ടൂരിൽ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് പതിനായിരങ്ങളെ അണി നിരത്തി ഞങ്ങൾ നടത്തിയ ഡേ-നൈറ്റ് മാർച്ച് കേരളത്തിന് മറക്കാനാകുമോ?അന്ന് ഞങ്ങൾ സമരം ചെയ്യുമ്പോൾ നിങ്ങൾ സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താൻ ഞങ്ങൾക്കെതിരെ കേസ് എടുക്കുന്ന തിരക്കിലായിരുന്നു എന്നത് അത്ര പെട്ടെന്ന് മറന്ന് പോയോ ജലീൽ സാഹിബേ?
മോദിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ സഞ്ജീവ് ഭട്ടിനെ കൽതുറുങ്കിലടച്ചപ്പോൾ കേരളത്തിന്റെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഒരേ ഒരു സംഘടന യൂത്ത് ലീഗായിരുന്നു. അതു കാണാൻ അവരുടെ പത്നി ശ്വേതാ ഭട്ട് കേരളത്തിലെത്തിയത് ഓർമ്മയുണ്ടോ നിങ്ങൾക്ക്? ഗുജറാത്തിൽ സംഘ്പരിവാർ കൂട്ടക്കൊല നടത്തിയപ്പോൾ മോദിക്കെതിരെ നിയമയുദ്ധം നടത്തിയതിന് ആർ.ബി ശ്രീകുമാറിനെയും ടീസ്റ്റ സെതൽവാദിനെയും ജയിലിലടച്ചപ്പോൾ ഉജ്ജ്വലമായ സമരം സംഘടിപ്പിച്ച ഏക സംഘടന യൂത്ത് ലീഗാണ്.
പെട്രോളിനും ഡീസലിനും പാചക വാതകത്തിനും മോദി അടിക്കടി വില കൂട്ടിയപ്പോൾ ഡി.വൈ.എഫ്.ഐ മൗനവൃതത്തിലായിരുന്നു. കാരണം പിണറായിയും ഇവിടെ മത്സരിച്ച് നികുതി കൂട്ടുകയായിരുന്നു. അന്ന് തെരുവിൽ സമരം ചെയ്ത സംഘടനയുടെ പേര് യൂത്ത് ലീഗ് എന്നാണ്. അങ്ങിനെ എത്രയെത്ര സമരങ്ങൾ!
സമരങ്ങളെ കുറിച്ച് എഴുതിയാൽ നീണ്ടുപോകുമെന്നത് കൊണ്ട് ഒറ്റക്കാര്യം കൂടി പറഞ്ഞ് ആ വിഷയം വിടാം. മോദിക്കെതിരെ നിർഭയനായി രാജ്യം മുഴുവൻ കാൽ നടയായി സഞ്ചരിച്ച് സംസാരിച്ചു കൊണ്ടിരുന്ന രാഹുൽ ഗാന്ധിയെ മോദി ഭരണകൂടം പാർലമെന്റിൽ നിന്ന് പുറത്താക്കിയപ്പോൾ നോമ്പു കാലമായിട്ടു പോലും രാത്രിയിൽ പതിനായിരങ്ങളാണ് കോഴിക്കോട്ട് സമ്മേളിച്ചത്. പിന്നീട് കേരളത്തിൽ അത്തരം സമരപരമ്പരക്ക് തുടക്കം കുറിക്കാൻ കാരണക്കാരായ സംഘടനയുടെ പേര് അഭിമാനത്തോടെ കേരളം പറയും അത് യൂത്ത് ലീഗ് ആണെന്ന്. കേട്ടോ പഴയ സെക്രട്ടറീ...
ഇനി കത്വ ഫണ്ടുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്നാണ് വെല്ലുവിളി. അല്ല ചങ്ങായീ ഇങ്ങളല്ലായിരുന്നോ യൂത്ത് ലീഗുമായി സംവാദത്തിന് തയ്യാറല്ല എന്നും വേണമെങ്കിൽ പാണക്കാട് തങ്ങൻമാരോ കുഞ്ഞാലിക്കുട്ടിയോ വന്നാൽ നോക്കാമെന്ന് പറഞ്ഞത്. മന്ത്രിസ്ഥാനം പോയപ്പോൾ കൂട്ടത്തിൽ ഓർമ്മ ശക്തി കൂടി പോയോ?
അല്ല ജലീൽക്ക കേരളം ഭരിക്കുന്നത് മുസ്‌ലിം ലീഗാണോ? ഇങ്ങളല്ലേ? ഇങ്ങളെ പോലീസ് കത്വ കേസ് പറഞ്ഞ് ഒരു കേസെടുത്തില്ലായിരുന്നോ? അതെന്തായി? നിങ്ങൾക്ക് ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ ഒരു രൂപ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ ആ ബാങ്ക് സ്റ്റേറ്റ്മെന്റ് പുറത്ത് വിട്ടൂടെ? ഒരു സമരത്തിന്റെ പേരിൽ എന്നെ 16 ദിവസം ജയിലിലടച്ചതിനേക്കാൾ സന്തോഷം നിങ്ങൾക്കും വിജയേട്ടനും കിട്ടിലായിരുന്നോ? കേസെടുത്ത് രണ്ടര വർഷമായിട്ടും ഒന്ന് പോലീസ് സ്റ്റേഷനിലേക്ക് പോലും വിളിപ്പിക്കാൻ നിങ്ങൾക്ക് പറ്റിയില്ല എങ്കിൽ ഈ കേസുമായി മുന്നോട്ടു പോയാൽ നിങ്ങൾ നാണം കെടും എന്നത് കൊണ്ട് മാത്രമല്ലേ?
പിന്നെ ഞങ്ങൾ ടൂർ പോകുന്നു എന്നതാണ് മൂപ്പരെ വല്ല്യ പരാതി. നിങ്ങളും വിജയേട്ടനുമൊക്കെ സർക്കാർ ചെലവിൽ പോയത് പോലെ അല്ല ഞങ്ങൾ പോകുന്നത്. സ്വന്തം ചെലവിലാണ്. വേണമെങ്കിൽ അതും അന്വേഷിക്ക്. പിന്നെ ഞാൻ പോയത് കുടുംബത്തിന്റെ കൂടെയാണ്. അല്ലാതെ നിങ്ങൾ പോയ പോലെ പോക്സോ കേസിലെ പ്രതിയുടെ കൂടെയോ അവരുടെ ചെലവിലോ അല്ല.
പിന്നെ ചന്ദ്രിക ഇ.ഡി കണ്ടു കെട്ടുമെന്നും അങ്ങിനെ വന്നാൽ ദേശാഭിമാനിയിൽ അച്ചടിക്കുമെന്നുമൊക്കെയുള്ള താങ്കളുടെ ഉപദേശം കണ്ടു. അതിന് ഒറ്റ മറുപടിയേ ഉള്ളൂഉപദേശം കൊള്ളാം വർമ്മ സാറേ. പക്ഷേ ചെറിയ ഒരു പ്രശ്നം ഉണ്ട്. തന്റെ....