കൂടെയുണ്ടായിരുന്നൊരാൾ പെട്ടെന്ന് യാത്ര പറഞ്ഞൊഴിഞ്ഞതിന്‍റെ വല്ലാത്തൊരു ശൂന്യത നൊമ്പരപ്പെടുത്തുന്നു-പി.കെ കുഞ്ഞാലിക്കുട്ടി

'കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി എന്ന പ്രയോഗം തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിൽനിന്നുണ്ടായതാണ്. സഖാവ് ഇ.കെ നായനാരാണ് തമാശരൂപത്തിൽ ആദ്യമായങ്ങനെ വിളിക്കുന്നത്.'

Update: 2023-07-23 13:25 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: കൂടെയുണ്ടായിരുന്നൊരാൾ പെട്ടെന്ന് യാത്ര പറഞ്ഞൊഴിഞ്ഞതിന്റെ വല്ലാത്തൊരു ശൂന്യത നൊമ്പരപ്പെടുത്തുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പ്. പുതുപ്പള്ളിയിലെ സെയിന്റ് ജോർജ് പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ശവക്കല്ലറയും തറവാട് വീടും കുഞ്ഞാലിക്കുട്ടി ഇന്ന് കുടുംബത്തോടൊപ്പം സന്ദർശിച്ചിരുന്നു.

'ഇനിയും സ്‌നേഹാദരങ്ങളുടെ കണ്ണുനീർ ഉണങ്ങാത്ത പ്രിയ സുഹൃത്തിന്റെ കല്ലറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ മനസ്സ് നിറയെ ഓർമത്തിരകളുടെ വേലിയേറ്റമായിരുന്നു. കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് യാത്ര പറഞ്ഞൊഴിഞ്ഞതിന്റെ വല്ലാത്തൊരു ശൂന്യത നൊമ്പരപ്പെടുത്തുന്നുണ്ട്. രാഷ്ട്രീയത്തിലെ കേവലം സഹപ്രവർത്തകരായിരുന്നില്ല ഞങ്ങൾ. അതിനപ്പുറത്തുള്ള ജീവിതത്തിന്റെ രസക്കൂട്ട് ആയിരുന്നു. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും താങ്ങും കരുത്തുമായിരുന്ന ആത്മമിത്രങ്ങൾ.'-കുഞ്ഞാലിക്കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

''എന്തിനും ആശ്രയിക്കാവുന്ന ഒരു അത്താണിയായിരുന്നു അദ്ദേഹം. എന്തും പറയാൻ സ്വാതന്ത്ര്യമുള്ള ഒരാൾ. തിരിച്ചും അങ്ങനെത്തന്നെ. രാഷ്ട്രീയജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നേരിട്ട സമയത്ത് ഒരു കൂടപ്പിറപ്പിനെപ്പോലെ കൂടെനിൽക്കുകയും, ഒരു ദിവസം തന്നെ മൂന്നും നാലും തവണ വിളിച്ച് ധൈര്യം പകർന്നിരുന്നതുമൊക്കെ നനവുള്ള ഓർമകളാണ്.''

സ്‌നേഹത്തിലും വേദനയിലും പ്രതിസന്ധികളിലും ഭരണത്തിലും പരിഹാരങ്ങളിലും കൂടെയുണ്ടായിരുന്ന ഒരാളെന്ന നിലക്ക് അദ്ദേഹത്തിന്റെ വേർപാടിന്റെ ഈ സമയത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടിന്റെ ചരിത്രം ഒരു സെക്കൻഡ് പോലും വിടാതെ ഓർമയിൽ നിറയുകയാണ്. തലമുറകൾക്ക് പാടിനടക്കാൻ കുഞ്ഞൂഞ്ഞ് കഥകൾ കൊണ്ട് സമ്പന്നമായ ഒരു പുതുപ്പള്ളിക്കാലം ബാക്കിവച്ചുകൊണ്ട്.

കുടുബസമേതമാണ് ഇന്ന് പുതുപ്പള്ളിയിലെത്തിയത്. ഞങ്ങൾ തമ്മിലെ ആ ഇഴയടുപ്പം കുടുംബത്തിലേക്കും മക്കളിലേക്കും കൈമാറിക്കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഒരുപാട് സമയം ചെലവഴിച്ചെന്നും അദ്ദേഹം കുറിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ പോസ്റ്റിന്റെ പൂർണരൂപം

കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് യാത്ര പറഞ്ഞൊഴിഞ്ഞതിന്റെ വല്ലാത്തൊരു ശൂന്യത നൊമ്പരപ്പെടുത്തുന്നുണ്ട്. ഇനിയും സ്‌നേഹാദരങ്ങളുടെ കണ്ണുനീർ ഉണങ്ങാത്ത പ്രിയ സുഹൃത്തിന്റെ കല്ലറയ്ക്കു മുന്നിൽ നിൽകുമ്പോൾ മനസ്സ് നിറയെ ഓർമത്തിരകളുടെ വേലിയേറ്റമായിരുന്നു.

രാഷ്ട്രീയത്തിലെ കേവലം സഹപ്രവർത്തകരായിരുന്നില്ല ഞങ്ങൾ. അതിനപ്പുറത്തുള്ള ജീവിതത്തിന്റെ രസക്കൂട്ട് ആയിരുന്നു. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും താങ്ങും കരുത്തുമായിരുന്ന ആത്മമിത്രങ്ങൾ. എന്തിനും ആശ്രയിക്കാവുന്ന ഒരു അത്താണിയായിരുന്നു അദ്ദേഹം. എന്തും പറയാൻ സ്വാതന്ത്ര്യമുള്ള ഒരാൾ. തിരിച്ചും അങ്ങനെത്തന്നെ. രാഷ്ട്രീയജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നേരിട്ട സമയത്ത് ഒരു കൂടപ്പിറപ്പിനെപ്പോലെ കൂടെനിൽക്കുകയും, ഒരു ദിവസം തന്നെ മൂന്നും നാലും തവണ വിളിച്ച് ധൈര്യം പകർന്നിരുന്നതുമൊക്കെ നനവുള്ള ഓർമകളാണ്. സ്‌നേഹത്തിലും വേദനയിലും പ്രതിസന്ധികളിലും ഭരണത്തിലും പരിഹാരങ്ങളിലും കൂടെയുണ്ടായിരുന്ന ഒരാളെന്ന നിലക്ക് അദ്ദേഹത്തിന്റെ വേർപാടിന്റെ ഈ സമയത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടിന്റെ ചരിത്രം ഒരു സെക്കൻഡ് പോലും വിടാതെ ഓർമയിൽ നിറയുകയാണ്.

കുഞ്ഞൂഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി എന്ന പ്രയോഗം തന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തിൽനിന്നുണ്ടായതാണ്. സഖാവ് ഇ.കെ നായനാരാണ് തമാശരൂപത്തിൽ ആദ്യമായങ്ങനെ വിളിക്കുന്നത്. പിന്നീടത് രാഷ്ട്രീയകേരളം ഏറ്റുപറഞ്ഞു. സ്‌നേഹത്തിന്റെ സ്വർണനൂലിൽ കോർത്തെടുത്ത ആത്മസൗഹൃദമായിരുന്നു ആ കൂട്ടുകെട്ട്. അങ്ങനെ ഒറ്റക്കെട്ടായി പ്രവർത്തിച്ച് അതിന്റെയൊരു നന്മ കേരളത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞതിന്റെ ഒരു ചാരിതാർത്ഥ്യം കൂടിയുണ്ട് ഈ അവസരത്തിൽ ഓർക്കാൻ.

പുതുപ്പള്ളിക്കിത് ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ ഞായറാഴ്ചയാണ്. ആളും ആരവവും പരാതികളും പരിഹാരങ്ങളുമായി സംഭവബഹുലമാകേണ്ടിയിരുന്ന മറ്റൊരു ഞായറാഴ്ച. ആൾക്കൂട്ടത്തെ ആഘോഷമാക്കുന്ന വിരുത് ഉമ്മൻ ചാണ്ടിക്ക് മാത്രം വശമുള്ളതായിരുന്നു. അതേ ആൾക്കൂട്ടത്തെ ഒറ്റയ്ക്കാക്കി ഒരു പുലരിയിൽ അദ്ദേഹം തനിച്ചുമടങ്ങിയിരിക്കുന്നു. തലമുറകൾക്ക് പാടിനടക്കാൻ കുഞ്ഞൂഞ്ഞ് കഥകൾ കൊണ്ട് സമ്പന്നമായ ഒരു പുതുപ്പള്ളിക്കാലം ബാക്കിവച്ചുകൊണ്ട്.

Full View

കുടുബസമേതമാണ് ഇന്ന് പുതുപ്പള്ളിയിലെത്തിയത്. ഞങ്ങൾ തമ്മിലെ ആ ഇഴയടുപ്പം കുടുംബത്തിലേക്കും മക്കളിലേക്കും കൈമാറിക്കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം ഒരുപാട് സമയം ചെലവഴിച്ചു.

Summary: Muslim League leader PK Kunhalikutty commemorates the late Congress leader and former CM of Kerala Oommen Chandy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News