റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി; ഷാജിക്ക് പാർട്ടിയുടെ പിന്തുണ

റെയ്ഡ് കണ്ണൂർ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു

Update: 2021-04-14 06:05 GMT
Editor : abs
Advertising

കെഎം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് നടത്തിയ റെയ്ഡ് അസാധാരണമാണെന്നും വാർത്താ സമ്മേളത്തിൽ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. 

'തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസം ഇങ്ങനെ ഒരു പരിശോധന രാഷ്ട്രീയം തന്നെയാണ്. ആ കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്ഥാനാര്‍ത്ഥികള്‍ക്കൊക്കെ ഒന്ന് നേരെ ചൊവ്വേ ശ്വാസം വിടാനുള്ള സമയം കിട്ടേണ്ടേ. അതിനു മുമ്പേ വീട്ടില്‍ റെയ്ഡ് എന്നു പറയുന്ന് കണ്ണൂരിലുണ്ടായ സംഭവ വികാസങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. അനവസരത്തില്‍ ഉണ്ടായ റെയ്ഡാണിത്. ഇത് രാഷ്ട്രീയ പകപോക്കല്‍ തന്നെയാണ്.' - കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

'വീട്ടിൽ നിന്ന് പണം പിടിച്ചു എന്നാണ് പറയുന്നത്. എല്ലാ സ്ഥാനാർത്ഥികളും ചെറിയ ചെറിയ സംഭാവനകൾ സ്വീകരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചെലവ് കണ്ടെത്തുന്നത്. എല്ലാവരും അങ്ങനെ തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ അനുവദിച്ച ഒരു സംഖ്യയുണ്ട്. പരമ്പരാഗതമായി ഞങ്ങൾ സ്വീകരിച്ചു പോരുന്നത്, പാർട്ടി പരമാവധി സഹായിക്കും. ഓരോ സ്ഥാനാർത്ഥികളോടും പ്രത്യേകം അക്കൗണ്ട് ഉണ്ടാക്കാൻ പറയും. അതിലേക്കാണ് പാർട്ടി നിശ്ചിത സംഖ്യ കൊടുക്കുന്നത്. സമയമാകുമ്പോൾ പാർട്ടിയും സ്ഥാനാർത്ഥിയും റിട്ടേൺ കൊടുക്കും. അതിന്റെ സമയമായിട്ടില്ല' - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ചില സ്ഥാനാർത്ഥികൾക്ക് കൂടുതലും കുറവും പണം കിട്ടും. അതെല്ലാം നിയമപ്രകാരം കിട്ടുന്നതുമാണ്. എല്ലാം കൊടുത്തു തീർത്ത ശേഷം ബാക്കി വന്ന പണമുണ്ടെങ്കിൽ അത് പാർട്ടിയോട് ചർച്ച ചെയ്യും. കുറവാണെങ്കിൽ അതേക്കുറിച്ച് ചർച്ച ചെയ്യും. മാസങ്ങൾ നീളുന്ന പ്രോസസ് ആണത്. അതിനിടക്ക് വന്നിട്ട് കാശ് അധികമുണ്ടെന്ന് പറഞ്ഞാൽ എന്താണ് ചെയ്യുക. ഷാജിയുടെ കാര്യത്തിൽ അസാധാരണമായ നടപടിയാണ് ഉണ്ടായിട്ടുള്ളത്. അതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ ക്ലിയറൻസ് ഇല്ലാതെ ഇങ്ങനെ ഒരു പരിശോധന നടക്കില്ല. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരെ നമ്മൾ അറിയുന്നതല്ലേ.' - അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Editor - abs

contributor

Similar News