കാമ്പസുകളിൽ ഇനി എം.എസ്.എഫ് ഒറ്റയ്ക്ക് മത്സരിക്കും; പികെ നവാസ് യു.ഡി.എസ്.എഫ് കൺവീനർ സ്ഥാനം രാജിവെച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ കെഎസ്‌യു വോട്ടു മറിച്ചെന്നാരോപിച്ചാണ് യുഡിഎഫ് സംവിധാനവുമായി ബന്ധം വിച്ഛേദിച്ചത്

Update: 2023-03-19 05:20 GMT
Advertising

കോഴിക്കോട്: വിദ്യാർഥി സംഘടന മുന്നണിയായ യുഡിഎസ്എഫിൽ പൊട്ടിത്തെറി. യുഡിഎസ്എഫ് കൺവീനർ സ്ഥാനം പി.കെ നവാസ് രാജിവെച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ കെഎസ്‌യു വോട്ടു മറിച്ചെന്നാരോപിച്ചാണ് യുഡിഎസ്എഫ് സംവിധാനവുമായി ബന്ധം വിച്ഛേദിച്ചത്. കാമ്പുസുകളിൽ ഇനി എംഎസ്എഫ് ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനമായി.

എംഎസ്എഫിന് മാത്രമായി ഇരുന്നൂറിലധികം യുയുസിമാരെ ലഭിച്ച യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പിൽ യൂണിയൻ നഷ്ടപ്പെടാന് കാരണം കെ.എസ്.യു വോട്ടുമറിച്ചതാണെന്ന് ഇന്നലെ ചേർന്ന് എം.എസ്.എസ് സംസ്ഥാന സെക്രട്ടറ്റിൽ അഭിപ്രായമുണ്ടായിരുന്നു

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയാണ് എം.എസ്.എഫ് നേതാക്കൾ മുന്നണിക്കകത്ത് വോട്ട് ചോർച്ചയുണ്ടായെന്ന ആരോപണവുമായി രംഗത്തെത്തിയത്. കെ.എസ്.യു വോട്ടുകൾ കൃത്യമായി ലഭിച്ചില്ലെന്നാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലെ വിമർശനം. മുന്നിൽ നിന്നും പിന്നിൽ നിന്നും വാരിക്കുഴികൾ നേരിട്ടുവെന്നായിരുന്നു പി.കെ നവാസിൻറെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശം.

സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫിൻറെ ഫേസ്ബുക്ക് പോസ്റ്റിലും തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി കെഎസ് യുവിനെതിരെ പരോക്ഷ വിമർശനമുണ്ടായിരുന്നു. ട്രഷറർ അഷർ പെരുമുക്കും കെ.എസ്.യുവിനെതിരെ രംഗത്തെത്തി. പിന്നിൽ നിന്ന് കുത്തുന്ന കുലം കുത്തികൾക്ക് കാലം മാപ്പ് തരില്ലെന്നും, പാളയത്തിൽ പടയെ മനസ്സിലാക്കേണ്ടിയിരുന്നുവെന്നുമാണ് അഷർ പെരുമുക്ക് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

കാലിക്കറ്റ് സർവകശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മികച്ച നേട്ടമാണ് എം.എസ്.എഫ് നേടിയത്. എംഎസ്എഫ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ യു.യു.സിമാരുമായാണ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. എം.എസ്.എഫ്, കെ.എസ്.യു സഖ്യം ഇത്തവണ വലിയ വെല്ലുവിളി ഉയർത്തിയെങ്കിലും ശക്തമായ പോരാട്ടത്തിനൊടുവിൽ എസ്.എഫ്.ഐ യൂണിയൻ നിലനിർത്തി.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News