പോക്സോ കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ച് ബന്ധുക്കൾ
രണ്ടാം ഭാര്യയുടെ മകളായ 15കാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
പത്തനംതിട്ട: ആറൻമുള കാട്ടൂർപേട്ടയിൽ പോക്സോ കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബന്ധുക്കൾ ബലമായി മോചിപ്പിച്ചു. പൊലീസ് എത്തിയ സ്വകാര്യ വാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിക്കുകയായിരുന്നു. ഈ മാസം 23നായിരുന്നു സംഭവം.
പൊലീസുകാരെ തടഞ്ഞ് പ്രതിയെ മോചിപ്പിച്ചതിന് ബന്ധുക്കള്‍ അടക്കം 10 പേര്‍ക്കെതിരെ കേസെടുത്തു. കൊല്ലം കുന്നിക്കോട് സ്വദേശി സിറാജിനെയാണ് ബന്ധുക്കൾ മോചിപ്പിച്ചത്.
രണ്ടാം ഭാര്യയുടെ മകളായ 15കാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് ഇയാൾക്കെതിരെ കുന്നിക്കോട് പൊലീസ് കേസെടുത്തത്. തുടർന്ന് ഇയാൾ പത്തനംതിട്ടയിലെ കാട്ടൂർപേട്ടയിലേക്ക് മാറി താമസിക്കുകയായിരുന്നു.
തുടർന്ന് പ്രതിയുടെ ഫോൺ ലൊക്കേഷനടക്കം പരിശോധിച്ചപ്പോഴാണ് കാട്ടൂർപേട്ടയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസ് മനസിലാക്കിയത്. തുടർന്നാണ് പൊലീസ് കാട്ടൂർപേട്ടയിലെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
എന്നാൽ യൂണിഫോമിലായിരുന്നില്ല പൊലീസെത്തിയത്. മാത്രമല്ല, സ്വകാര്യ വാഹനത്തിലുമായിരുന്നു. ഇതോടെയാണ് ഇയാളെ തട്ടിക്കൊണ്ടുപോവുകയാണ് എന്ന് ആരോപിച്ച് ബന്ധുക്കൾ മോചിപ്പിച്ചത്.
വന്നത് പൊലീസാണെന്ന് അറിയില്ലായിരുന്നെന്നും ചിലർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയാണ് എന്ന് കരുതിയാണ് മോചിപ്പിച്ചത് എന്നുമാണ് ബന്ധുക്കളുടെ വിശദീകരണം.