കാട്ടാക്കട എസ്.എഫ്.ഐ ആൾമാറാട്ടം; പ്രതികളെ പൊലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും

പ്രിൻസിപ്പലിന്റെ സസ്‌പെൻഷൻ ആവശ്യപ്പെട്ട് സർവകലാശാല ഇന്ന് കോളജിന് കത്ത് നൽകും

Update: 2023-05-22 00:46 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാൻ പൊലീസ്. കാട്ടാക്കട പൊലീസ് ഉടൻ കോളേജിൽ എത്തി രേഖകൾ പരിശോധിക്കും. പ്രതികളെ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും പൊലീസ് ആലോചിക്കുന്നുണ്ട്. ഷൈജുവിനെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാല ഇന്ന് കോളേജിന് കത്ത് നൽകും.

പ്രിൻസിപ്പൽ ഡോ.ജി,ജെ ഷൈജുവിനും എസ്എഫ്‌ഐ നേതാവ് എ വിശാഖിനും എതിരെ ഇന്നലെയാണ് സർവകലാശാല പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഡിജിപിയുടെ നിർദേശപ്രകാരം ആൾമാറാട്ടം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി കാട്ടാക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസ് എടുത്തതിന് പിന്നാലെ തന്നെ തുടർ നടപടികൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാനാണ് പൊലീസ് നീക്കം. കൂടുതൽ വിവരങ്ങൾ കൈമാറാൻ സർവകലാശാലയോട് പൊലീസ് ആവശ്യപ്പെടും. ശേഷം കോളേജിൽ എത്തി തെരഞ്ഞെടുപ്പ് രേഖകൾ പരിശോധിക്കുന്ന നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. കോളേജ് ജീവനക്കാരിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിക്കും.

കുറ്റാരോപിതരായ ഷൈജുവിനെയും വിശാഖിനെയും വരും ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും. വേണ്ടിവന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. അതേസമയം, ഷൈജുവിനെ അധ്യാപകസ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്യാനും എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്യാനും ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി ഇന്ന് കോളേജിന് കത്ത് നൽകും. നടപടി എടുത്താലും ഇല്ലെങ്കിലും ഉടൻ മറുപടി നൽകണമെന്നാണ് സർവകലാശാലയുടെ നിർദ്ദേശം.

വിഷയം അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ആകും അച്ചടക്ക നടപടി സംബന്ധിച്ച കാര്യത്തിൽ കോളേജ് മാനേജ്‌മെൻറ് തീരുമാനമെടുക്കുക. നടപടി ഉണ്ടായില്ലെങ്കിൽ അഫിലിയേഷൻ റദ്ദാക്കും എന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ കോളേജ് അധികൃതർ സർവകലാശാലയെ എതിർക്കാൻ സാധ്യതയില്ല. ഷൈജുവിനെതിരായ അച്ചടക്കനടപടി പൂർത്തിയാക്കി സർവകലാശാലയ്ക്ക് ഉടൻ മറുപടി നൽകാൻ ആകും നീക്കം. സമാന്തരമായി സിപിഎം ജില്ലാ നേതൃത്വവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.എഫ്.ഐ - സി.പി.എം കാട്ടാക്കട ഏരിയ ഘടകങ്ങളിൽ നിന്ന് ഉടൻ അന്വേഷണ കമ്മീഷൻ വിവരങ്ങൾ തേടും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News