ഇലന്തൂരിലെ നരബലിക്ക് ശേഷം നരഭോജനവും നടന്നതായി പൊലീസ്
കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് പ്രതികൾ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്
ഇലന്തൂര്‍: ഇലന്തൂർ നരബലിക്കേസിലെ പ്രതികൾ നരഭോജികളെന്ന് പൊലീസ്. കൊല്ലപ്പെട്ട റോസ്‍ലിന്‍റെ ശരീരഭാഗങ്ങൾ കറിവെച്ച് ഭക്ഷിച്ചു. മൃതദേഹാവശിഷ്ടങ്ങൾ ലൈല ഷാഫിക്ക് കറിവെച്ച് നൽകി. പത്മത്തിന്‍റെ ശരീര ഭാഗങ്ങൾ ഉപ്പ് പുരട്ടി സൂക്ഷിച്ചു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണ് പ്രതികൾ ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്.
ലൈലയാണ് മാംസം പാകം ചെയ്തത്. തുടര്‍ന്നു മൂന്നു പേരും കൂടി അതു ഭക്ഷിച്ചു. ലൈല തന്നെയാണ് ഇക്കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞത്. ഒരു കുറ്റബോധവുമില്ലാതെയാണ് ലൈല കുറ്റകൃത്യത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞത്. ആഭിചാര കര്‍മങ്ങള്‍ നടത്തിയ ശേഷം അതിന്‍റെ തുടര്‍ച്ചയായാണ് മനുഷ്യമാംസം ഭക്ഷിച്ചത്. ദക്ഷിണമേഖലാ ഡിഐജി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ 13 മണിക്കൂറോളം നീണ്ടുനിന്നു.
അതേസമയം നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് ലൈംഗികവൈകൃതമുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ഷാഫിയുടെ ലൈംഗിക വൈകൃതമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട പത്മത്തിന്‍റെ സ്വകാര്യ ഭാഗത്ത് ഷാഫി കത്തി കുത്തിയിറക്കി. പത്തനംതിട്ടയിൽ നിന്ന് കൊച്ചിയിലെത്തിച്ച പ്രതികളെ ഇന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഇലന്തൂരിലെ വീട്ടിൽവെച്ച് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയും പത്മവും തമ്മിൽ തർക്കമുണ്ടായെന്ന് പൊലീസ് പറയുന്നു. മുൻകൂർ പണം നൽകിയാലേ നീലച്ചിത്രത്തിൽ അഭിനയിക്കൂ എന്ന് പത്മം പറഞ്ഞിരുന്നു. തുടർന്ന് പത്മത്തെ ഷാഫി കഴുത്തിൽ കേബിൾ കൊണ്ട് മുറുക്കി ബോധംകെടുത്തി. ബോധം വന്നപ്പോൾ ലൈല കത്തികൊണ്ട് കഴുത്തറുത്തെന്നും പൊലീസ് പറഞ്ഞു.