ആഘോഷം അതിരുകടന്നു; കൊച്ചിയിൽ പൊലീസുകാരനെ റോഡിൽ വലിച്ചിഴച്ച് മർദിച്ചു

ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് മർദനം

Update: 2022-12-19 06:38 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: എറണാകുളം കലൂർ സ്റ്റേഡിയം ജംഗ്ഷനിൽ പൊലീസുകാരനെ മർദിച്ച് വലിച്ചിഴച്ചു. ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ആവേശത്തിനിടെയാണ് സംഭവം. നോർത്ത് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി മത്സരം കഴിഞ്ഞ ശേഷം ആരാധാകർ തെരുവിലിറങ്ങിയിരുന്നു. പലരും സംഘം ചേർന്ന് നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.

കലൂരിൽ പ്രകടനം നടത്തിയ ആളുകൾ ഗതാഗത തടസം സൃഷ്ടിച്ചപ്പോൾ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇത് ചോദ്യം ചെയ്തു. അപ്പോഴാണ് ആഹ്ലാദപ്രകടനക്കാർ പൊലീസിനെ കൈയും കാലും പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. നോർത്ത് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ ലിബിൻ രാജ്, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്.

ലിബിന് കാലിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതികളായ അഞ്ചുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കലൂർ സ്വദേശികളായ അരുൺ ജോർജ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. ബാക്കി മൂന്ന് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികൾ ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ ശേഷമാണ് അക്രമം നടത്തിയത് എന്നും പൊലീസ് പറയുന്നു.

ലോകകപ്പ് മത്സരം പ്രദർശിപ്പിക്കുന്നതിനിടെ തിരുവനന്തപുരത്ത് എസ് ഐക്കും മർദനമേറ്റിരുന്നു. പൊഴിയൂർ എസ്.ഐ എസ്.സജിക്കാണ് മർദനമേറ്റത്. മദ്യപസംഘമാണ് ആക്രമിച്ചത്. പ്രതി പൊഴിയൂർ സ്വദേശി ജസ്റ്റിനെ (32) പൊലീസ് പിടികൂടി. ആക്രമണത്തിൽ എസ്.ഐക്ക് കൈക്കും, തലക്കും പരിക്കേറ്റിട്ടുണ്ട്.

നാട്ടുകാർ കളികാണുന്നതിനിടെ രണ്ടുപേർ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നു.തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസെത്തി പ്രതികളെ പിടികൂടുന്നതിനിടെയാണ് എസ്.ഐക്ക് നേരെ ആക്രമണമുണ്ടായത്. പ്രതി ചവിട്ടി തറയിൽ തള്ളിയിടുകയായിരുന്നു. മറ്റ് പൊലീസുകാർ ചേർന്നാണ് പ്രതി ജസ്റ്റിനെ പിടികൂടിയത്. എസ്.ഐ പാറശാല ജനറൽ ആശുപത്രയിൽ ചികിത്സയിലാണ്.


Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News