അയല്‍വാസിയുടെ പരാതി; സുഹൃത്ത് ഇഷ്ടദാനമായി നൽകിയ സ്ഥലത്ത് വീട് നിര്‍മിക്കാനാവാതെ നിർധന കുടുംബം
ശാരീരിക വെല്ലുവിളികൾ നേരിടുന്ന സുഭാഷ് കൈവശരേഖയുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്
ഇടുക്കി: സുഹൃത്ത് ഇഷ്ടദാനമായി നൽകിയ സ്ഥലത്ത് വീട് നിർമിക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഇടുക്കി നെടുങ്കണ്ടത്തെ നിർധന കുടുംബം. അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടി അയൽവാസി പരാതി നൽകിയതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന പാലാർ സ്വദേശി സുഭാഷിനാണ് ഈ ദുരവസ്ഥ.
കെട്ടിട നിർമാണത്തൊഴിലാളിയായിരുന്നു സുഭാഷ്. കഴിഞ്ഞ വർഷം മൂന്ന് നിലക്കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റതോടെ സുഭാഷിന്റെ ജീവിതം പ്രതിസന്ധിയിലായി. സ്വന്തം സ്ഥലം വിറ്റ് വാടകവീട്ടിലേക്ക് മാറി. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു തുടർ ചികിൽസ. സുഹൃത്തായ സന്തോഷ് സൗജന്യമായി നൽകിയ സ്ഥലത്ത് വീട് നിർമിക്കാനുള്ള മുന്നൊരുക്കങ്ങൾക്കിടയിലാണ് പരാതിയുയർന്നത്. വഴി കയ്യേറി അനധികൃത നിർമാണം നടത്തുകയാണെന്നാണ് അയൽവാസിയുടെ പരാതി.
നട്ടെല്ലിന് പരിക്കേറ്റ് എണീക്കാനാകാത്ത അസ്ഥയിലായിരുന്നു. നാട്ടുകാരെല്ലാവരും കൂടിയാണ് ഇത്രയുമാക്കിയത്.ഇതിനിടയിലാണ് ബഹുനില കെട്ടിടം പണിയുകയാണെന്ന് അയൽവാസി പരാതി നൽകിയതെന്ന് സുഭാഷ് പറയുന്നു.
സ്ഥലത്തിന് പട്ടയമില്ലെന്ന പരാതിയുമുയർന്നതോടെ രേഖകൾ ഹാജരാക്കാൻ റവന്യൂ അധികൃതർ ആവശ്യപ്പെട്ടു. കൈവശരേഖയുമായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് സുഭാഷ്. റോഡ് വികസനത്തിന്റെ പേരിൽ കിടപ്പാടം നഷ്ടപ്പെടുമോയെന്ന ആശങ്കയും സുഭാഷിനുണ്ട്. പ്രശ്നം ഗൗരവമായി കാണുമെന്ന് പഞ്ചായത്തധികൃതരും പറഞ്ഞു. സംഭവത്തിൽ സുഭാഷും പരാതി നൽകിയിട്ടുണ്ട്. ഇരുവരും പരാതിയുന്നയിച്ചതോടെ വിഷയം സർക്കാരിന്റെ പരിഗണനക്ക് വിട്ടിരിക്കുകയാണ് റവന്യൂ വകുപ്പ്.