മുതിർന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍റെ സംസ്കാരം ഇന്ന്
ബി.ജെ.പി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിക്കുന്ന മൃതദേഹം രാവിലെ 7 മുതല്‍ 9 വരെ ഇവിടെ പൊതുദര്‍ശനത്തിന് വെയ്ക്കും
കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ബി.ജെ.പി കണ്ണൂര്‍ ജില്ലാ ആസ്ഥാനമായ മാരാര്‍ജി ഭവനിലെത്തിക്കുന്ന മൃതദേഹം രാവിലെ 7 മുതല്‍ 9 വരെ ഇവിടെ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ജന്മനാടായ മണത്തണയിലെ വീട്ടിലെത്തിക്കും. ഉച്ചയോടെ കുളങ്ങരയത്ത് തറവാട് ശ്മശാനത്തിലാണ് സംസ്‌കാരം.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ ആയിരുന്നു അന്ത്യം.ശ്വാസകോശ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കേരളത്തിൽ ബി.ജെ.പിയെ വളർത്തുന്നതിൽ നിർണായ പങ്കു വഹിച്ച നേതാവാണ് മുകുന്ദന്‍. കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിയുടെ ശക്തമായ മുഖമായിരുന്നു. 1961ൽ ആർ.എസ്.എസിലൂടെ സംഘടനാ രംഗത്തേക്ക് പ്രവേശിച്ച മുകുന്ദൻ പിന്നീട് ആർ.എസ്.എസിന്‍റെ തന്നെ നിർദേശപ്രകാരമാണ് ബി.ജെ.പിയിലേക്ക് എത്തുന്നത്.1991ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി ആയി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു.
പാർട്ടിയിൽ തിരുത്തൽ ശക്തിയായി നിലകൊണ്ടിരുന്ന നേതാവ് കൂടിയായിരുന്നു മുകുന്ദൻ. സംഘടന തലത്തിലെ പ്രശ്നങ്ങൾ എപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. 2006 അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന മുകുന്ദൻ പിന്നീട് 2022 ലാണ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്നത്.