പാചകവാതക വിലവർധനയെക്കുറിച്ച് പ്രതികരിക്കാതെ പ്രകാശ് ജാവദേക്കർ; ഇന്ധന സെസിനെ കുറിച്ച് മറുപടി
കേരള സർക്കാർ രണ്ട് രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയത് ജനവിരുദ്ധ നയത്തിന്റെ ഭാഗമാണെന്ന് ജാവദേക്കർ പറഞ്ഞു.
കൊച്ചി: പാചകവാതക വിലവർധനയെക്കുറിച്ച് പ്രതികരിക്കാതെ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ. വിലവർധന സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാൻ ജാവദേക്കർ തയ്യാറായില്ല. കേരളത്തിൽ ഇന്ധന സെസ് ഏർപ്പെടുത്തിയതിനെ കുറിച്ചായിരുന്നു ജാവദേക്കറുടെ പ്രതികരണം.
മോദി സർക്കാർ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും വിവിധ ഘട്ടങ്ങളിലായി കുറച്ചെന്നും എന്നാൽ കേരള സർക്കാർ രണ്ട് രൂപ സെസ് ഏർപ്പെടുത്തുകയാണ് ചെയ്തതെന്നും ജാവദേക്കർ പറഞ്ഞു. ഇത് കേരള സർക്കാരിന്റെ ജനവിരുദ്ധ നയത്തിന്റെ ഭാഗമാണെന്നും ഇതിൽനിന്ന് പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്. വിലവർധനക്കെതിരെ യൂത്ത് കോൺഗ്രസ് രാജ്ഭവന് മുന്നിൽ പ്രതിഷേധിച്ചു.