നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു
ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍(70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമെന്ന് സംശയം. മോഹന്‍ലാലിന്‍റെ ആദ്യസംവിധാന സംരംഭമായ ബറോസിലാണ് ഒടുവില്‍ അഭിനയിച്ചത്. മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി പന്ത്രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തകര,ലോറി, ചാമരം തുടങ്ങിവയാണ് പ്രതാപ് പോത്തന്‍ അഭിനയിച്ച പ്രധാന സിനിമകള്‍.
1952 ഫെബ്രുവരി 15ന് തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്‍റെയും പൊന്നമ്മ പോത്തന്‍റെയും മകനായിട്ടാണ് പ്രതാപ് പോത്തന്‍റെ ജനനം. പിതാവ് കുളത്തുങ്കൽ പോത്തൻ അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു. സിനിമാ നിർമ്മാതാവായ ഹരിപോത്തൻ പ്രതാപിന്‍റെ ജ്യേഷ്ഠ സഹോദരനാണ്. പ്രതാപ് പോത്തന്‍റെ പഠനം ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ അച്ഛൻ മരണപ്പെട്ടു. കോളേജ് പഠനകാലത്ത് പ്രതാപ് പോത്തൻ സുഹൃത്തുക്കളോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ചിത്രകലയിലുണ്ടായിരുന്ന താല്പര്യം മാറി പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
ബി എ സാമ്പത്തിക ശാസ്ത്രം കഴിഞ്ഞതിനുശേഷം പ്രതാപ് പോത്തൻ 1971- ൽ മുംബൈയിൽ ഒരു പരസ്യ ഏജൻസിയിൽ കോപ്പി റൈറ്ററായി ചേർന്നു. പിന്നീട് പല കമ്പനികളിൽ മാറി മാറി ജോലി ചെയ്തു. അതിനുശേഷമാണ് അദ്ദേഹം സിനിമയിലേയ്ക്കെത്തുന്നത്. മദ്രാസ് പ്ലേയേർസ് എന്ന തിയറ്റർ ഗ്രൂപ്പിൽ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയ മികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 1978-ലായിരുന്നു ആരവം ഇറങ്ങിയത്. 1979-ൽ ഭരതന്‍റെ തകര, 1980-ൽ ഭരതന്‍റെ തന്നെ ചാമരം എന്നീ സിനിമകളിൽ പ്രതാപ് പോത്തൻ നായകനായി. അദ്ദേഹത്തിന്റെ അഭിനയം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി. തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വർഷങ്ങളിൽ മികച്ച മലയാള നടനുള്ള ഫിലിം ഫെയർ പുരസ്ക്കാരം ലഭിച്ചു. 1980-ൽ മാത്രം പത്തോളം സിനിമകളിൽ പ്രതാപ് പോത്തൻ അഭിനയിച്ചു. നെഞ്ചത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, മൂഡുപനി, വരുമയിൻ നിറം സിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം സിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്. തുടർന്ന് 1987 വരെ നിരവധി മലയാള ചിത്രങ്ങളിൽ നായകനായും ഉപനായകനായും സ്വഭാവ നടനായുമെല്ലാം അദ്ദേഹം അഭിനയിച്ചു. 1992 വരെ തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. കുറച്ചുകാലം സിനിമയിൽ നിന്നും മാറി ബിസിനസ്സ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം, ഗ്രീൻ ആപ്പിൾ എന്ന സ്വന്തം പരസ്യ കമ്പനിയിൽ സജീവമാണ്. എം ആർ എഫ്, നിപ്പോ തുടങ്ങിയ വലിയ കമ്പനികൾക്ക് വേണ്ടി സച്ചിൻതെണ്ടുൽക്കർ ഉൾപ്പടെയുള്ളവരുടെ പരസ്യ സംവിധായകനായി.
പ്രതാപ് പോത്തൻ ആദ്യം സിനിമാ സംവിധായകനാകുന്നത് തമിഴിലിലാണ്. 1985- ൽ മീണ്ടും ഒരു കാതൽ കഥൈ എന്ന സിനിമയാണ് അദ്ദേഹം ആദ്യമായി സംവിധാനം ചെയ്തത്. 1987- ൽ ഋതുഭേദം എന്ന സിനിമ മലയാളത്തിൽ സംവിധാനം ചെയ്തു. 1988- ൽ പ്രതാപ് പോത്തൻ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്ത സിനിമയായ ഡെയ്സി മലയാളത്തിലെ ഒരു സൂപ്പർഹിറ്റ് ചലച്ചിത്രമായിരുന്നു. തുടർന്ന് ഏഴ് തമിഴ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. 1997-ൽ മോഹൻലാലിനെയും ശിവാജി ഗണേശനെയും നായകൻമാരാക്കി ഒരു യാത്രാമൊഴി എന്ന സിനിമ മലയാളത്തിൽ സംവിധാനം ചെയ്തു. ഒരു ഇടവേളയ്ക്കുശേഷം പ്രതാപ് പോത്തൻ 1997-ൽ തേടിനേൻ വന്തത് എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് 2005- ൽ തന്മാത്രയിൽ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം മലയാളത്തിൽ തിരിച്ചുവരുന്നത്. അതിനുശേഷം മലയാളത്തിലും തമിഴിലിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2012ൽ മികച്ച വില്ലൻ നടനുള്ള SIIMA അവാർഡ് പ്രതാപ് പോത്തന് 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
യാത്രാമൊഴിക്ക് ശേഷം ഒരു തമിഴ് ചിത്രം സംവിധാനം ചെയ്യാൻ കരാറായിരുന്നെങ്കിലും ആ പ്രൊജക്റ്റ് നടക്കാതെ ഉപേക്ഷിക്കുകയായിരുന്നു. പ്രതാപ് പോത്തന്‍റെ ആദ്യ വിവാഹം പ്രശസ്ത ചലച്ചിത്ര താരം രാധികയുമായിട്ടായിരുന്നു. 1985-ൽ നടന്ന അവരുടെ വിവാഹം താമസിയാതെ വേർപിരിഞ്ഞു. 1990-ൽ അദ്ദേഹം അമല സത്യനാഥിനെ വിവാഹം ചെയ്‌തെങ്കിലും 2012ൽ വിവാഹബന്ധം വേർപെടുത്തി. അമലയിൽ ഒരു മകളാണ് പ്രതാപ് പോത്തനുള്ളത്.