ആത്മഹത്യക്ക് തൊട്ടുമുമ്പ് ഫോണില്‍ പ്രിയങ്കയെ ഉണ്ണി ഭീഷണിപ്പെടുത്തിയെന്ന് സൂചന
പ്രാഥമിക പരിശോധനയില്‍ പ്രിയങ്ക രണ്ട് തവണ ഉണ്ണിരാജിനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് കണ്ടെത്തി.
നടന്‍ ഉണ്ണിരാജ് പി ദേവിന്‍റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസില്‍ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ആത്മഹത്യക്ക് തൊട്ടുമുന്‍പ് നടന്ന ഫോണ്‍ സംഭാഷണത്തില്‍ പ്രിയങ്കയെ ഉണ്ണി ഭീഷണിപ്പെടുത്തിയെന്ന് പോലീസിന് സൂചന ലഭിച്ചു. പ്രതി ഉണ്ണിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രിയങ്കയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്ക്കും കേസിലെ പ്രതിയായ പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണിരാജിനെ അറസ്റ്റ് ചെയ്തെങ്കിലും ആത്മഹത്യക്ക് പെട്ടെന്നുണ്ടായ പ്രകോപനം കണ്ടെത്താനാണ് പോലീസ് ശ്രമം. ഒരു ഫോണ്‍കോള്‍ വന്നതിന് തൊട്ടുപിന്നാലെ പ്രിയങ്ക ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
പ്രാഥമിക പരിശോധനയില്‍ പ്രിയങ്ക രണ്ട് തവണ ഉണ്ണിരാജിനെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്ന് കണ്ടെത്തി. സംഭാഷണം നടന്ന കാര്യം ഉണ്ണിരാജ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ സംഭാഷണത്തില്‍ പ്രിയങ്കയോട് ഉണ്ണിരാജ് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പോലീസിന് സൂചന ലഭിച്ചു.
ആത്മഹത്യക്ക് തൊട്ട് മുന്‍പ് പ്രിയങ്കയെ ഉണ്ണിരാജ് തിരിച്ച് വിളിച്ചിരുന്നോയെന്ന് വ്യക്തത വരുത്താനും പോലീസ് ശ്രമം തുടങ്ങി. അന്വേഷണത്തിന്‍റെ ഭാഗമായി കോള്‍ രേഖകളും വാട്സപ് സന്ദേശങ്ങളും പരിശോധിക്കും.
പ്രിയങ്കയുമായുള്ള ബന്ധത്തിനോട് ഉണ്ണിയുടെ കുടുംബത്തിന് താല്‍പര്യമില്ലായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കാക്കനാടുള്ള വാടക ഫ്ലാറ്റ് ഉപേക്ഷിച്ച് ഇരുവരും ഉണ്ണിയുടെ അങ്കമാലിയിലെ വീട്ടിലേക്ക് മാറുകയായിരുന്നു. ഇതിന് ശേഷമാണ് ഉണ്ണിയും അമ്മ ശാന്തമ്മയും ക്രൂരമായി പ്രിയങ്കയോട് പെരുമാറാന്‍ തുടങ്ങിയതെന്നാണ് പോലീസിന് ബോധ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ ശാന്തമ്മയുടെ അറസ്റ്റും വൈകാതെ രേഖപ്പെടുത്താനാണ് പോലീസ് നീക്കം. ഇവര്‍ കോവിഡ് ചികിത്സയിലായതിനാലാണ് നിലവില്‍ ചോദ്യം ചെയ്യലോ അറസ്റ്റോ നടക്കാത്തത്.