'പ്രഫുല്‍ പട്ടേല്‍ ഗോബാക്ക്'; പാത്രം കൊട്ടിയും ലൈറ്റ് അണച്ചും ദ്വീപ് ജനത
ദ്വീപ് ബിജെപിയിൽ നിന്ന് രണ്ട് നേതാക്കൾ കൂടി രാജിവെച്ചു
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി ദ്വീപുകാർ. പാത്രം കൊട്ടിയും വീടുകളിൽ ലൈറ്റണച്ചുമാണ് ദ്വീപ് നിവാസികൾ ഇന്ന് പ്രതിഷേധിച്ചത്. അതിനിടെ ദ്വീപ് ബിജെപിയിൽ നിന്ന് രണ്ട് നേതാക്കൾ കൂടി രാജിവെച്ചു.
ലക്ഷദ്വീപ് സന്ദർശനം കഴിഞ്ഞ് പ്രഫുൽ പട്ടേൽ മടങ്ങാനിരിക്കെയാണ് ദീപ് ജനത ഒന്നടങ്കം പാത്രം മുട്ടി പ്രതിഷേധിച്ചത്. അഡ്മിനിസ്ട്രേറ്റർക്ക് ഗോബാക്ക് വിളിച്ചായിരുന്നു പ്രതിഷേധം.
മുഴുവൻ ദ്വീപുകളിലും വീടുകളില്‍ പ്രതിഷേധ പരിപാടി നടന്നു. രാത്രി 9 മണിക്കും 9.10നും ഇടയിൽ ലൈറ്റ് അണച്ച ശേഷം മെഴുകുതിരി കത്തിച്ചും ടോർച്ച് തെളിച്ചുമാണ് ദ്വീപുകാർ പ്രതിഷേധമറിയിച്ചത്. സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്ത തുടർ സമര പരിപാടികളുടെ ഭാഗമായിരുന്നു പാത്രം മുട്ടിയുള്ള പ്രതിഷേധം.
ദ്വീപിലെ സന്ദർശന പരിപാടി വെട്ടിച്ചുരുക്കി പ്രഫുൽ പട്ടേൽ നേരത്തെ മടങ്ങുമെന്ന സൂചന ലഭിച്ചതോടെയാണ് കഴിഞ്ഞ രാത്രിയിൽ തന്നെ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം വ്യാപകമായതോടെ കവരത്തിയിലെ അഡ്മിനിസ്ട്രേറ്റർ ബംഗ്ലാവിന് ചുറ്റും കനത്ത പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
അതിനിടെ ലക്ഷദ്വീപ് ബിജെപിയിൽ നിന്ന് രണ്ട് നേതാക്കൾ കൂടി രാജിവെച്ചു. പാർട്ടി മുൻ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന സമിതി അംഗവുമായ പി പി അബൂ സ്വാലിഹും ബിത്ര ദ്വീപ് ബിജെപി പ്രസിഡന്റ് ഇസഹാഖ് ഹമീദും ആണ് രാജിവെച്ചത്.