എൽ.ഡി.എഫിന്റെ വിവാദ വീഡിയോക്കെതിരെ കാസർകോട് പ്രതിഷേധം ശക്തമാവുന്നു
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ബോധപൂർവ്വം കരിവാരി തേക്കാനുള്ള നീക്കമാണ് എൽഡിഎഫ് നടത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്.
കാസര്‍കോട്: എൽ.ഡി.എഫിൻ്റെ വിവാദ വീഡിയോക്കെതിരെ കാസർകോട് പ്രതിഷേധം ശക്തമാവുന്നു. തളങ്കരയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
നെറ്റിയിലെ കുറി മായ്ച്ച് കയ്യിലെ ചരട് പൊട്ടിച്ച് ഇടത്തോട്ട് മുണ്ട് ഉടുത്ത് മാത്രമെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് പോലും പ്രചാരണത്തിന് ഇറങ്ങാനാവൂ എന്ന വിവാദ വീഡിയോക്കെതിരെയാണ്പ്രതിഷേധം ശക്തമാവുന്നത്. എൽ.ഡി.എഫ് പുറത്തിറക്കിയ വീഡിയോക്കെതിരെ തളങ്കരയിൽ നാട്ടുകാരുടെ നേത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
സംഭവം വിവാദമായതിന് പിന്നാലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ബാലകൃഷ്ണൻ്റെയും സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടെയും ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളിൽ നിന്ന് വീഡിയോ നീക്കം ചെയ്തിരുന്നു.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ ബോധപൂർവ്വം കരിവാരി തേക്കാനുള്ള നീക്കമാണ് എൽ.ഡി.എഫ് നടത്തിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. തങ്ങളുടെ സാമൂഹ്യ മാധ്യമ പേജുകൾ കൈകാര്യം ചെയ്യുന്നവർക്ക് പറ്റിയ പിഴവാണെന്നാണ് എം.വി ബാലകൃഷ്ണൻ്റെയും സി.എച്ച് കുഞ്ഞമ്പു എം.എൽ.എയുടെയും വിശദീകരണം.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ആക്ഷേപിക്കുന്ന തരത്തിൽ വീഡിയോ പുറത്തിറങ്ങിയ സംഭവത്തിൽ നേതാക്കളുടെ സാമൂഹ്യ മാധ്യമ പേജുകൾ നിയന്ത്രിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎമ്മിന് അകത്ത് തന്നെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വീഡിയോ നീക്കം ചെയ്തതോടെ പ്രശ്നം അവസാനിച്ചതായാണ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.