'എം.ആർ അജിത് കുമാറിനെ മാറ്റിനിർത്തണമെന്നില്ല'; മുഖ്യമന്ത്രിക്കു മുന്നിൽ വഴങ്ങി അൻവർ

'സഖാവ് എന്ന നിലയ്ക്കാണ് ഞാൻ ഈ വിഷയത്തിലേക്കിറങ്ങിയത്. സഖാവ് എന്ന നിലയ്ക്ക് മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. പാർട്ടി സെക്രട്ടറിക്കു കൂടി പരാതി നൽകുന്നതോടുകൂടി എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു.'

Update: 2024-09-03 11:02 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പോരാട്ടം അവസാനിപ്പിച്ച് പി.വി അൻവർ എംഎൽഎ. എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന അഭിപ്രായമില്ലെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ എല്ലാ വിഷയങ്ങളും ധരിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനു കൂടി പരാതി നൽകിയാൽ തന്റെ എല്ലാ ഉത്തരവാദിത്തവും തീർന്നെന്നും അൻവർ പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രിയെ കണ്ടു സംഭവവികാസങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തി. കാര്യങ്ങൾ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തു. മുഖ്യമന്ത്രി എല്ലാം സശ്രദ്ധം കേട്ടു. മുഴുവൻ വിശദീകരണങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ഇനി ഇക്കാര്യങ്ങളിൽ സത്യസന്ധമായ അന്വേഷണം നടക്കും. എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കു നൽകിയ അതേ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും നൽകുമെന്നും അൻവർ അറിയിച്ചു.

''സഖാവ് എന്ന നിലയ്ക്കാണ് ഞാൻ ഈ വിഷയത്തിലേക്കിറങ്ങിയത്. സഖാവ് എന്ന നിലയ്ക്ക് മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. പാർട്ടി സെക്രട്ടറിക്കു കൂടി പരാതി നൽകുന്നതോടുകൂടി എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജൻസിയുമായി സഹകരിക്കുക മാത്രമാണ് ഇനി എന്റെ ഉത്തരവാദിത്തം. അത് ഞാൻ ഏറ്റെടുത്തിരിക്കുകയാണ്.''

പൊലീസിലുള്ള പുഴുക്കുത്തുകളും അഴിമതിയും താൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഉന്നയിച്ച പ്രശ്നങ്ങൾ പരിഗണിക്കാതിരിക്കാൻ കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം തൻ്റെ പിന്നിൽ സർവശക്തനായ ദൈവം മാത്രമാണുള്ളതെന്നു വ്യക്തമാക്കുകയും ചെയ്തു. അതേസമയം, പി. ശശിയെ കുറിച്ചുള്ള ചോദ്യങ്ങളോട് മൗനമായിരുന്നു അന്‍വറിന്‍റെ മറുപടി.

സർക്കാരിനെ പ്രതിസിന്ധിയിലാക്കിയ ആരോപണങ്ങൾ സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തി പി.വി അൻവർ മുഖ്യമന്ത്രിയെ നേരിൽക്കണ്ടത്. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. ഉച്ചയ്ക്ക് 12നാണ് അൻവർ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെത്തിയത്. 12.15ക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിയോടെയാണ് അവസാനിച്ചത്. അതിനിടെ, കെ.ടി ജലീൽ എംഎൽഎയും സെക്രട്ടറിയേറ്റിലെത്തിയിരുന്നു.

Summary: 'I have no opinion that MR Ajit Kumar should be removed'; PV Anvar MLA after the meeting with Chief Minister

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News