അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനം; കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചകൾ ഉടനുണ്ടാവില്ല

പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ നേരിൽ കാണാൻ അൻവറും നീക്കം നടത്തിയിരുന്നു

Update: 2025-01-09 04:15 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: പി.വി.അൻവറുമായുള്ള കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ചകൾ ഉടൻ ഉണ്ടാവില്ല. പാർട്ടിയിൽ വിശദമായ ചർച്ച വേണമെന്ന നിലപാട് കോൺഗ്രസിൽ ശക്തമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ നേരിൽ കാണാൻ അൻവറും നീക്കം നടത്തിയിരുന്നു.

അന്‍വറിനെ മുന്നണിയിലെടുക്കുന്നത് യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മീഡിയവണിനോട് പറഞ്ഞിരുന്നു. ജാമ്യം നേടി പുറത്തറിങ്ങിയ അന്‍വര്‍ യുഡിഎഫിനോട് ഒപ്പമെന്നാണ് ആദ്യം തന്നെ പ്രഖ്യാപിച്ചത്. ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ മയപ്പെട്ടുള്ള പ്രതികരണം, കെ .സുധാകരന്‍റെ പിന്തുണ...ഇതെല്ലാമായപ്പോള്‍ അന്‍വര്‍ വേഗത്തില്‍ യുഡിഎഫിലെത്തുമെന്ന പ്രചാരണം ശക്തിപ്പെട്ടു.

എന്നാല്‍ കെപിസിസി ഭാരവാഹി യോഗത്തിലും രാഷ്ട്രീയകാര്യ സമിതിയിലും അടക്കം ചര്‍ച്ച ചെയ്ത ശേഷം മതി തീരുമാനമെന്നാണ് നിലവിലെ കോണ്‍ഗ്രസിലെ ധാരണ. അന്‍വര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്വീകരിച്ച സമീപനം, രാഹുല്‍ ഗാന്ധിക്ക് എതിരായ പരാമര്‍ശം എന്നിവയെല്ലാം പരിശോധിക്കണമെന്ന നിലപാടും കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അന്‍വറിനെ ഉള്‍ക്കൊള്ളണമെന്ന വാദവും ശക്തം.

മലപ്പുറത്തെ പാര്‍ട്ടിയില്‍ അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനം സൃഷ്ടിക്കാവുന്ന പ്രതിഫലനങ്ങളും കോണ്‍ഗ്രസ് വിലയിരുത്തും. ഏതെങ്കിലും ഘടകകക്ഷികള്‍ ആവശ്യം ഉന്നയിക്കുമ്പോള്‍ യുഡിഎഫില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന ധാരണയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ നേരില്‍ കാണാനുള്ള താല്‍പര്യം പി.വി അന്‍വര്‍ അറിയിച്ചിട്ടുണ്ട് . എന്നാല്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാടിലാണ് പല നേതാക്കളും.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News