‘എമ്പുരാൻ വെറും എമ്പോക്കിത്തരം, ഗോധ്ര കലാപത്തെ വികലമായി ചിത്രീകരിച്ചു '; വിമര്‍ശനവുമായി ആര്‍.ശ്രീലേഖ
സയിദ് മസൂദ് എങ്ങനെ സയിദ് മസൂദ് ആയി എന്ന് കാണിക്കാൻ വേണ്ടി ഗോധ്ര കലാപം വലിച്ച് കൊണ്ടുവരികയും അത് വികലമായി കാണിക്കുകയും, അതായത് ആ ട്രെയിൻ കത്തുന്നത് ശരിക്കും കാണിക്കുന്നില്ല, അത് എഡിറ്റ് ചെയ്യുമ്പോഴും അതിന്റെ ഒന്നും മാറാൻ പോകുന്നില്ല


കോഴിക്കോട്: മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി മുൻ ഡിജിപി ആര്‍.ശ്രീലേഖ. സിനിമ നിറയെ കൊലപാതകങ്ങളും വയലൻസുമുണ്ട് അതുകൊണ്ടു തന്നെ ഈ സിനിമ കുട്ടികൾ ഒരു കാരണവശാലും കാണരുതെന്നും ശ്രീലേഖ പറയുന്നു. ‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’ എന്ന തലക്കെട്ടോടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്നു മനസ്സിലായില്ല. ബിജെപി കേരളത്തിലേക്ക് വന്നാൽ വലിയ വിനാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തലും കൊലയും ഒക്കെ ചെയ്യുന്ന ഒരു മാഫിയ തലവന് മാത്രമേ കേരളത്തെ രക്ഷിക്കാൻ കഴിയൂ എന്നാണു സിനിമയിൽ പറയുന്നതു. വർഷങ്ങൾക്കു മുൻപ് നടന്ന ഗോധ്ര കലാപത്തെ മുഴുവൻ കാണിക്കാതെ വളച്ചൊടിച്ച് കേരളത്തിൽ മതസ്പർദ്ധ ഉണ്ടാക്കാനും ഈ സിനിമ ശ്രമിക്കുന്നുവെന്നും ലൂസിഫർ കണ്ടു ഇഷ്ടമായതുകൊണ്ടാണ് എമ്പുരാൻ കാണാൻ പോയതെന്നും സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഇറങ്ങിപ്പോകാൻ തോന്നിയെന്നും ശ്രീലേഖ പറഞ്ഞു.
‘എമ്പുരാൻ’ ഇറങ്ങി രണ്ടു മൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞാൻ കണ്ടത്, കട്ട് ചെയ്ത എഡിഷൻ ഒക്കെ ഇറങ്ങുന്നതിനു മുമ്പ്. വയലൻസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ കയ്യും കാലും വെട്ടുന്നത്, തീയിൽ വെന്തു മരിക്കുന്നത്, ആളുകൾ ബോംബ് പൊട്ടി ചിന്നഭിന്നമായി മാറുന്നത്, ഗർഭിണിയെ റേപ്പ് ചെയ്യുന്ന സീന്, കുട്ടികളെ അടിക്കുന്നത് ഉപദ്രവിക്കുന്നത്, എടുത്തെറിയുന്ന സീനുകൾ അങ്ങനെ വളരെ വലിയ വയലൻസ് ഉള്ള ഒരു സിനിമയാണ് ഇത്. ഇതിനകത്ത് ഉടനീളം പറയാൻ ഉദ്ദേശിക്കുന്ന ഒരു വലിയ മെസ്സേജ് യാദൃച്ഛികമായി വന്ന മെസ്സേജ് അല്ല എന്നാണ് എന്റെ അഭിപ്രായം. ഇത് മനഃപൂർവം നമ്മുടെ കേരള രാഷ്‌ടീയത്തെ അല്ലെങ്കിൽ രാഷ്ട്രീയ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി, കേരളത്തിലെ ബിജെപി അല്ലെങ്കിൽ കാവി കേരളത്തിനകത്ത് കടക്കാൻ പാടില്ല, കടന്നു കഴിഞ്ഞാൽ കേരളം നശിക്കും എന്ന രീതിയിൽ കാണിക്കുന്ന കുറെയധികം ചുറ്റുപാടുകൾ, അല്ലെങ്കിൽ അതിനകത്തുള്ള കഥ സന്ദർഭങ്ങൾ ഡയലോഗുകൾ ഇതിനകത്ത് നിരന്തരം വരുന്നുണ്ട്. പ്രത്യേകിച്ച് കേരള സെൻട്രിക് ആയിട്ടുള്ള കാര്യങ്ങൾ കാണിക്കുമ്പോഴൊക്കെ. ‘എമ്പുരാൻ’ ആയി മോഹൻലാൽ വരുമ്പോൾ എംബ്രാൻ ആണെന്ന് എനിക്ക് തോന്നുന്നു. നമ്മൾ എംബ്രാൻ എന്നൊക്കെ പറയല്ലേ അതിന്റെ ഒരു വേർഷൻ ആണ് എമ്പുരാൻ ഓവർലോഡ്.
പൃഥ്വിരാജ് ‘ലൂസിഫറി’ൽ വന്നപ്പോൾ എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കാരണം അത് വളരെ സട്ടിൽ ആയിട്ടുള്ള ഒരു വരവായിരുന്നു. പക്ഷേ ഇതിൽ മോഹൻലാലിനെക്കാൾ കൂടുതൽ പൃഥ്വിരാജ് നിറഞ്ഞു നിൽക്കുന്ന ഒരു സിനിമയാണ്. സയിദ് മസൂദ് എങ്ങനെ സയിദ് മസൂദ് ആയി എന്ന് കാണിക്കാൻ വേണ്ടി ഇതുപോലെ ഗോധ്ര കലാപം വലിച്ച് കൊണ്ടുവരികയും അത് വികലമായി കാണിക്കുകയും, അതായത് ആ ട്രെയിൻ കത്തുന്നത് ശരിക്കും കാണിക്കുന്നില്ല, അത് എഡിറ്റ് ചെയ്യുമ്പോഴും അതിന്റെ ഒന്നും മാറാൻ പോകുന്നില്ല. അതിന്റെ കഥ എന്ന് പറയുന്നത് ഇപ്പോഴും കഥയായിട്ട് തന്നെ ഇരിക്കും. സിനിമയുടെ സന്ദേശം ഇപ്പോഴും അതുപോലെ ഇരിക്കും, കുറെ സീനുകൾ മാറ്റിയതുകൊണ്ടോ അതിനകത്തെ മുഖ്യ വില്ലന്റെ പേര് മാറ്റിയതുകൊണ്ടോ കാര്യമില്ല. ഹനുമാന്റെ പേരിട്ട ബജ്‌രംഗി ഭായി എന്ന് പറയുന്ന ആളാണ് വില്ലൻ കഥാപാത്രം. അത് മാറ്റി ബൽരാജ് ഭയ്യ എന്നാക്കിയതുകൊണ്ട് ഒന്നും ഇത് മാറാൻ പോകുന്നില്ല കാരണം ഇതിനകത്ത് പറഞ്ഞിരിക്കുന്നത് വയലൻസ് ആണ്. ഇതിനകത്തുള്ളത് ബിജെപി വന്നു കഴിഞ്ഞാൽ നമ്മുടെ രാജ്യം കുട്ടിച്ചോറാകും. ഇപ്പോൾ മതസൗഹാർദത്തോടുകൂടി സ്നേഹത്തോടുകൂടി ഇരിക്കുന്ന കേരളം എന്ന് പറയുന്ന കൊച്ചു സംസ്ഥാനം ഇങ്ങനെ ഭാരതത്തിന്റെ ഭാഗമല്ലാതെ മാറികിടക്കുന്നത് തന്നെയാണ് സേഫ്, അത് ഭാരതത്തിന്റെ ഭാഗമാകണ്ട എന്നുള്ള തെറ്റായ ഒരു ധാരണ സമൂഹത്തിന് നൽകുന്നു.
ജനങ്ങളൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന മോഹൻലാലിനെ പോലെയും പൃഥ്വിരാജിനെ പോലെയും ഒക്കെയുള്ള ആളുകൾ ഇതുപോലെയുള്ള ഒരു റോൾ ചെയ്യുമ്പോൾ ഒരു വല്ലാത്ത വിഷമം ആണ് നമുക്ക് തോന്നുന്നത്. അതിന്‍റെ സ്ക്രിപ്റ്റ് റൈറ്റിങ്ങിന്‍റെ മാത്രം കുഴപ്പം കൊണ്ടല്ല എല്ലാം കൂടെ ചേർന്ന് ഇതിനെ ഒരു വല്ലാത്ത സിനിമയാക്കി. വർഗീയത എന്നത് നമ്മൾ മറന്നു കിടക്കുന്ന സംഭവമാണ്. ഗോധ്രാ കലാപം എന്നൊക്കെ പറയുന്നത് കുറെ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായതും മറന്നു കിടന്നതുമാണ്. അതിനെ വീണ്ടും കൊണ്ടുവന്നു അതിന്റെ തീ ആളിക്കത്തിച്ച് നമ്മുടെ മനസ്സിൽ മുഴുവനും ഇങ്ങനെ വർഗീയ വിദ്വേഷം കുത്തി നിറക്കാൻ ഉതകുന്ന രീതിയിലുള്ള ഒരു ചിത്രീകരണം എന്ന് പറഞ്ഞു കഴിഞ്ഞാൽ മറന്നു കിടക്കുന്ന സാധനങ്ങൾ മുഴുവൻ കുത്തിപ്പൊക്കിയെടുത്ത് ‘ഓർക്ക് ഓർക്ക് ഓർക്ക്’ ഇതൊക്കെയാണ് ഇവിടെ നടന്നിട്ടുള്ളത്, ഇതാണ് ഇനി നടക്കാൻ പോകുന്നത് ഇതുപോലെയുള്ള വർഗീയ വിദ്വേഷം വീണ്ടും വരികയാണ് എന്ന് പറയുന്നതിന് തുല്യമാണ്....ശ്രീലേഖ പറയുന്നു.
ചരിത്രത്തെ വളച്ചൊടിച്ചു ശരിക്കും വേറൊരു രീതിയിലാണ് കാണിക്കുന്നത്. ഭാരതത്തിലും അല്ലെങ്കിൽ കേരളത്തിലും ഹിന്ദുക്കൾക്ക് യാതൊരു സ്ഥാനവുമില്ല, ഇവരെല്ലാവരും ക്രൂരന്മാരാണ്, എല്ലാ ഹിന്ദുക്കളും ഫാസിസ്റ്റ് ആണ് എന്നൊക്കെയാണ് പറയുന്നത്. ഫാസിസത്തിന്റെ അർഥം പോലും അവർക്ക് അറിയില്ല എന്ന് തോന്നുന്നു എന്നുള്ള രീതിയിൽ പറഞ്ഞ് ഫലിപ്പിക്കാൻ നോക്കുമ്പോൾ അത് തീർച്ചയായിട്ടും ചരിത്രത്തിന്റെയും ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെയും ഒരു വളച്ചൊടിക്കൽ തന്നെയാണ് അതിന്റെ ഉദ്ദേശം. ഈ സിനിമയിൽ ഒരുപാട് വൃത്തികേടുകൾ കാണിക്കുന്നുണ്ട്, വയലൻസിന്റെ അതിപ്രസരം, കുട്ടികളെ കാണാനേ അനുവദിക്കാൻ പാടില്ലാത്ത സിനിമ..ശ്രീലേഖ കൂട്ടിച്ചേര്‍ക്കുന്നു.