തിരുവിതാംകൂർ രാജകുടുംബത്തെ ഹെർ ഹൈനസ് എന്നല്ലാതെ എന്തു വിളിക്കണം? എലിസബത്ത് രാജ്ഞിയെ ചേച്ചി എന്നാണോ വിളിക്കുന്നത്: രാഹുൽ ഈശ്വർ
"ഇത് നമ്മുടെ ഗതകാലത്തോടും ഇന്നലെയോടുമുള്ള ബഹുമാനമാണ്. നമ്മളെ അവരല്ലേ ഭരിച്ചിരുന്നത്"
കോഴിക്കോട്: ക്ഷേത്രപ്രവേശന വിളംബരദിന വാർഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ നോട്ടീസിനെ ന്യായീകരിച്ച് വലതുപക്ഷ നിരീക്ഷകൻ രാഹുൽ ഈശ്വർ. ഗതകാലത്തോടുള്ള ബഹുമാനമെന്ന നിലയ്ക്കാണ് രാജകുടുംബത്തിന് ആദരം നൽകുന്നതെന്നും അവരാണ് ഇവിടം ഭരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ മീഡിയവണുമായി സംസാരിക്കുകയായിരുന്നു രാഹുൽ. രാജകുടുംബത്തെ ഹെർ ഹൈനസ് എന്നല്ലാതെ പിന്നെ എന്തു വിളിക്കണമെന്നും എലിസബത്ത് രാജ്ഞിയെ എലിസബത്ത് ചേച്ചി എന്നാണോ ഇംഗ്ലണ്ടുകാർ വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
'ഈ നാട്ടിലുള്ള നല്ല സാധനങ്ങളെല്ലാം തമ്പുരാന്മാരും രാജകൊട്ടാരങ്ങളും ഉണ്ടാക്കിയിട്ടുള്ളതാണ്. സെക്രട്ടേറിയറ്റ് പോലും. ഇവിടത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസം, ഹോസ്പിറ്റൽ ഇതെല്ലാം കൊണ്ടുവന്നത് തിരുവിതാംകൂർ റോയൽ ഫാമിലിയാണ്. രാജകുടുംബത്തെ ഹെർ ഹൈനസ് എന്നല്ലാതെ പിന്നെ എന്തു വിളിക്കണം. എലിസബത്ത് രാജ്ഞിയെ എലിസബത്ത് ചേച്ചി എന്നാണോ ഇംഗ്ലണ്ടുകാർ വിളിക്കുന്നത്. ഇംഗ്ലണ്ടിലും ജനാധിപത്യമാണ്. അവിടെ ഒരു ഹിന്ദു പ്രധാനമന്ത്രിയാണ് ഭരിക്കുന്നത്. അവരും അവരെ ക്വീൻ എന്നും ഡയാനയെ പ്രിൻസസ് എന്നുമല്ലേ വിളിക്കുന്നത്. ഡയാന ചേച്ചി, ഡയാനോ സിസ്റ്റർ എന്നല്ലല്ലോ. ഇത് നമ്മുടെ ഗതകാലത്തോടും ഇന്നലെയോടുമുള്ള ബഹുമാനമാണ്. നമ്മളെ അവരല്ലേ ഭരിച്ചിരുന്നത്.' - രാഹുൽ പറഞ്ഞു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാർഷികവുമായി ബന്ധപ്പെട്ടാണ് സാംസ്‌കാരിക-പുരാവസ്തു വകുപ്പിന് കീഴിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവാദ നോട്ടീസ് പുറത്തിറക്കിയത്. ചടങ്ങിൽ ഭദ്രദീപം കൊളുത്തുന്നത് തിരുവിതാംകൂർ രാജ്ഞിമാരായ പൂയം തിരുനാൾ ഗൗരീപാർവതീഭായിയും അശ്വതി തിരുനാൾ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസിൽ പറയുന്നത്. തിങ്കളാഴ്ച നന്തൻകോടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ.കെ അനന്തഗോപനാണ് ഉദ്ഘാടനം.
ഭക്തരെ സ്വാഗതം ചെയ്യുന്ന കുറിപ്പിലും 'രാജഭക്തി' പ്രകടമാണ്. 'ജനക്ഷേമകരങ്ങളായ അനേകം പ്രവർത്തനങ്ങൾ കൊണ്ടും ലളിതമധുരമായ സ്വഭാവവൈശിഷ്ട്യം കൊണ്ടും മഹാജനങ്ങളുടെ സ്‌നേഹബഹുമാനാദികൾക്ക് പാത്രീഭവിച്ച രാജ്ഞി' എന്നാണ് ഗൗരീ പാർവതി ഭായിയെ വിശേഷിപ്പിക്കുന്നത്.
നോട്ടീസിനെതിരെ നിരവധി സാസ്‌കാരിക പ്രവർത്തനങ്ങളും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. ദാസ്യമനസ്സുള്ള ഉദ്യോഗസ്ഥർ ഇരിക്കുന്നിടത്തോളം ജനാധിപത്യ രീതിയിൽ മുമ്പോട്ടു പോകാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് ആക്ടിവിസ്റ്റ് ധന്യരാമൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇവരെ ലാളിക്കുകയാണ്. അതിഥികളായിട്ടു മാത്രമാണ് അവർ നിൽക്കുന്നത്- അവർ പറഞ്ഞു.