ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാൻ രാഹുൽ ഗാന്ധി നിലമ്പൂരിലെ വീട്ടിലെത്തി
ആര്യാടൻ മുഹമ്മദ് ജേഷ്ഠ സഹോദരനെ പോലെയായിരുന്നെന്ന് രാഹുൽ അനുശോചിച്ചു
നിലമ്പൂര്‍: രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ആര്യാടൻ മുഹമ്മദിന്‍റെ നിലമ്പൂരിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. തൃശ്ശൂരില്‍ നിന്ന് നിലമ്പൂരിലേക്ക് റോഡ് മാര്‍ഗമാണ് രാഹുല്‍ ഗാന്ധി എത്തിയത്. തിരിച്ച് ഹെലികോപ്റ്റര്‍ മാര്‍ഗം ഒരു മണിക്ക് വടക്കാഞ്ചേരിയില്‍ തിരിച്ചെത്തും.
ആര്യാടൻ മുഹമ്മദ് ജേഷ്ഠ സഹോദരനെ പോലെയായിരുന്നെന്ന് രാഹുൽ അനുശോചിച്ചു. വിയോഗം പാര്‍ട്ടിക്കും തനിക്കും തീരാനഷ്ടമാണെന്നും കരുത്ത് തെളിയിച്ച നിയമസഭാ സാമാജികനായിരുന്നു അദ്ദേഹമെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്ന ആര്യാടൻ മുഹമ്മദ് ഞായറാഴ്ച രാവിലെ 7.40നാണ് അന്തരിച്ചത്. തിങ്കളാഴ്ച രാവിലെ 9ന് നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് കബറടക്കം.
അതെ സമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. ഭാരത് ജോഡോ യാത്രയുടെ തൃശൂർ ജില്ലയിലെ അവസാന ദിവസ പര്യടനത്തിലും ഉച്ചക്ക് വടക്കാഞ്ചേരിയിലെ വാർ ഹീറോസ് മീറ്റിങ്ങിലും മാറ്റമില്ലെന്നും കെ.പി.സി.സി വക്താക്കൾ അറിയിച്ചു.