രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസ്: എസ്.എഫ്.ഐ വയനാട് ജില്ലാ ഭാരവാഹികൾക്കെതിരെ നടപടിയുണ്ടാകും
ജില്ലാകമ്മിറ്റിയോഗം യോഗം ചൊവ്വാഴ്ച
വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരായ ആക്രമണത്തിൽ എസ്.എഫ്.ഐയുടെ വയനാട് ജില്ലാ ഭാരവാഹികൾക്കെതിരെ നടപടി ഉണ്ടായേക്കും. ചൊവ്വാഴ്ച ചേരുന്ന വയനാട് ജില്ലാ കമ്മിറ്റിയോഗത്തിന് ശേഷമാകും നടപടി തീരുമാനിക്കുക. അക്രമത്തിന്റെ പേരിൽ പ്രതി ചേർക്കപ്പെട്ട അവിഷിത്തിനെ ഒഴിവാക്കിയതിന് പിന്നാലെ അച്ചടക്ക നടപടി കൂടി സ്വീകരിച്ചാൽ വിവാദങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാരും പാർട്ടിയും.
ഓഫീസ് അക്രമത്തിൽ വയനാട് ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന നേതാക്കൾ ചെവ്വാഴ്ച വയനാട്ടിൽ എത്തി ജില്ലയിലെ നേതാക്കളുമായി സംസാരിക്കും. സമരത്തിന് നേതൃത്വം നൽകിയ ജില്ലാ സെക്രട്ടറിയും ജില്ലാ പ്രസിഡന്റും ജയിലിലായത് കൊണ്ട് വിശദാംശങ്ങൾ ചോദിച്ചറിയാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണ് ജില്ലാ കമ്മിറ്റി യോഗം ചെവ്വാഴ്ച ആക്കിയത്.
അവർക്ക് ജാമ്യം കിട്ടിയില്ലെങ്കിലും മറ്റ് നേതാക്കളോട് സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തിയ ശേഷം നടപടി എടുക്കാനാണ് സാധ്യത. ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെ നടപടി ഉണ്ടായേക്കും. പുറത്ത് നിന്ന് വന്ന ആരെങ്കിലുമാണോ സമരം അക്രമാസക്തമാക്കിയതെന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം അക്രമത്തിലൂടെ ഉണ്ടായ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പാർട്ടിയും സർക്കാരും. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ആരോഗ്യ മന്ത്രിയുടെ സ്റ്റാഫ് അവിഷിത്തിനെ ഒഴിവാക്കിയത് കൊണ്ട് ആ വിവാദം അവസാനിച്ചുവെന്നാണ് പാർട്ടി കരുതുന്നത്.
പ്രതിപക്ഷ പ്രതിഷേധങ്ങൾ മറികടക്കാൻ അക്രമം നടത്തിയവർക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്ന് നേതൃത്വത്തിന് ബോധ്യമുണ്ട്. അത് കൊണ്ടാണ് നടപടിയെടുക്കണമെന്ന നിർദ്ദേശം എസ്.എഫ്.ഐക്ക് പാർട്ടി നൽകിയത്.അത് കൂടി ആകുമ്പോൾ നിലവിലെ പ്രശ്‌നങ്ങൾ കെട്ടടങ്ങുമെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത്.