കനത്ത മഴ; കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചിൽ, എട്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
അഞ്ച് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു.
കനത്ത മഴയെ തുടർന്ന് കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തില്‍ എട്ട് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. തിരുവനന്തപുരം- ലോകമാന്യതിലക്, നേത്രാവതി ട്രെയിനുകള്‍ യാത്ര റദ്ദാക്കി. 12 ട്രെയിനുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.
സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിൽ ശക്തമായ കാറ്റിൽ മരം ഒടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. ഇടുക്കി ഉടുമ്പൻചോല കുമ്പപാറ സ്വദേശി പുഷ്പ മനോഹരനാണ് മരിച്ചത്.
മൂന്നാർ- മറയൂർ പാതയിലും മൂന്നാർ-കുമളി സംസ്ഥാന പാതയിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മുതിരപ്പുഴ,പന്നിയാർ, കല്ലാർ, പാമ്പാർ തുടങ്ങിയ പുഴകളിലെ നീരൊഴുക്ക് വർധിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രാത്രിയാത്ര ഒഴിവാക്കണമെന്നും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും ജില്ലാ കലക്ടറുടെ നിര്‍ദേശമുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലും മഴ ശക്തമാണ്. തീരപ്രദേശങ്ങളില്‍ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.