'പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ മാനസികസംഘർഷം ഉണ്ടായിരുന്നു, എന്നും പാർട്ടിക്കൊപ്പം നിൽക്കും '; രമേശ് ചെന്നിത്തല
'പാർട്ടി എടുക്കുന്ന ഏത് തീരുമാനവും എപ്പോഴും അംഗീകരിച്ചിട്ടുണ്ട്'
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി രൂപീകരണത്തിൽ മാനസിക സംഘർഷം ഉണ്ടായിരുന്നെന്ന് രമേശ് ചെന്നിത്തല. 'രണ്ട് പതിറ്റാണ്ട് മുമ്പ് ലഭിച്ച പദവിയിലേക്ക് വീണ്ടും നിയോഗിച്ചപ്പോൾ അസ്വാഭാവികത തോന്നി. എന്നാൽ പുതുപ്പള്ളി തെരഞ്ഞെടുപ്പായതിനാൽ ചർച്ചക്ക് വഴിവെച്ചില്ല. തന്നെ സ്ഥിരം ക്ഷണിതാവാക്കിയതിന് നന്ദിയുണ്ട്. താൻ ഒരിക്കലും പാർട്ടിയെ തള്ളി പറഞ്ഞിട്ടില്ല. എന്നാൽ ഏതൊരു മനുഷ്യനും ഉണ്ടാവുന്ന വിചാര വികാരങ്ങൾ ഉണ്ടായിട്ടുണ്ട്.'ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
'കോൺഗ്രസ് പാർട്ടി തനിക്ക് പ്രധാന സ്ഥാനങ്ങൾ നൽകിയിരുന്നു. അത് എല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. താൻ ഒരാൾക്കും അപ്രാപ്യനായിരുന്നില്ല. കഴിഞ്ഞ രണ്ട് വർഷമായി പാർട്ടിയിൽ പദവികളില്ല. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറിയ ശേഷവും ശക്തമായി പാർട്ടിക്കായി പ്രവർത്തിച്ചു. 20 ദിവസം പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തി. പുതുപ്പള്ളി വിജയത്തിൽ തനിക്കും പങ്കുണ്ട്.അതിൽ ചാരിതാർത്ഥ്യമുണ്ട്. ഒരു സ്ഥാനമില്ലെങ്കിലും പാർട്ടിക്കായി ശക്തിയായി പ്രവർത്തിക്കും'.. അദ്ദേഹം പറഞ്ഞു.
'പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റിയ രീതിയോടും എതിർപ്പ് ഉണ്ടായിരുന്നു. എന്നിട്ടും എതിർപ്പ് ഉയർത്തിയില്ല. പ്രവർത്തക സമിതി തീരുമാനം ഇപ്പോൾ തന്നെ സ്വാധീനിക്കുന്നില്ല. ഞാൻ എന്ന വ്യക്തിയേക്കാൾ വലുതാണ് കോൺഗ്രസ്. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും എപ്പോഴും അംഗീകരിച്ചിട്ടുണ്ട്'. തനിക്ക് പറയാനുള്ളത് ഹൈക്കമാൻഡിനോട് പറയും.പൊതു സമൂഹത്തിൽ വിഴിപ്പ് അലക്കാനില്ല.പാർട്ടിക്ക് വേണ്ടി മുന്നിൽ നിന്ന് പ്രവർത്തിക്കുകയും പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുകയും ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.