മയക്കുവെടി വെക്കേണ്ടത് കാട്ടുപോത്തിനല്ല, വനംമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല
വനംമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയാണെന്നും ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം: മയക്കുവെടി വെക്കേണ്ടത് കാട്ടുപോത്തിനല്ല, വനംമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല. എന്താണ് പറയുന്നതെന്ന് മന്ത്രിക്ക് തന്നെ അറിയില്ലെന്നും വനംമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയെന്നുമാണ് ചെന്നിത്തല പറഞ്ഞത്. സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തതയില്ലെന്ന് പറഞ്ഞ ചെന്നിത്തല വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വനം മന്ത്രിക്കും വനം വകുപ്പിനും എന്ത് പറ്റിയെന്നും അദ്ദേഹത്തിന്‍റെ പ്രസ്താവന കേട്ടപ്പോള്‍ അത്ഭുതപ്പെട്ടെന്നും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ആളുകള്‍ മരണപ്പെടുമ്പോള്‍ ഇങ്ങനെയാണോ മന്ത്രി പ്രതികരിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
എരുമേലിയിലെ കാട്ടുപോത്ത് ആക്രമണത്തിന്റെ പേരിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ ഇന്നലെ പ്രതികരിച്ചിരുന്നു. മരിച്ചുപോയവരെ അവഹേളിക്കുന്ന ക്രൂരമായ നിലപാടുകളാണ് ചിലർ സ്വീകരിക്കുന്നതെന്നും മൃതദേഹംവെച്ചുള്ള വിലപേശലിൽനിന്ന് പിൻമാറണമെന്നും മന്ത്രി പറഞ്ഞിരുന്നു.
കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ രണ്ടുപേർ മരിച്ചതുമായി ബന്ധപ്പെട്ട് നിയമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് രംഗത്ത് വന്നിരുന്നു. മനുഷ്യന്റെ സുരക്ഷക്ക് യാതൊരു സംരക്ഷണവും നൽകാത്ത നിയമം മാറ്റണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. വന്യജീവി നിയമത്തിൽ മാറ്റം വരുത്തണമെന്നും അടിയന്തര സാഹചര്യത്തിൽ ആക്രമിക്കാൻ വരുന്ന മൃഗത്തെ വെടിവെക്കാൻ പോലും നിയമമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.