ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവം: പുറത്തായത് ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖം -രമേശ് ചെന്നിത്തല
‘കേരളത്തില്‍ ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്ര മന്ത്രിയും താന്‍ ക്രിസ്ത്യാനിയാണെന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കുന്ന കേന്ദ്ര മന്ത്രിയുമൊക്കെ ബിജെപിയുടെ കപട മതേതര മുഖങ്ങളാണെന്ന് ക്രൈസ്തവര്‍ തിരിച്ചറിയണം’


തിരുവനന്തപുരം: ഡല്‍ഹിയില്‍ ഓശാനയോട് അനുബന്ധിച്ച് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി ബിജെപിയുടെ മറ്റൊരു കടുത്ത ന്യൂനപക്ഷ വിരുദ്ധ നീക്കമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സെന്റ് മേരീസ് പള്ളിയില്‍നിന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലേക്കു നടക്കാനിരുന്ന ഈ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടിയില്‍ അതിശക്തമായി പ്രതിഷേധിക്കുന്നു. ജബല്‍പൂരില്‍ ക്രൈസ്തവ പുരോഹിതരെ സംഘ് പരിവാര്‍ സംഘടനകള്‍ തല്ലിച്ചതച്ചതിന്റെ പിന്നാലെയാണ് ഈ പൊലീസ് നടപടി.
കേരളത്തില്‍ എത്തിയാല്‍ ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്രമന്ത്രിയും താന്‍ ക്രിസ്ത്യാനിയാണെന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കുന്ന കേന്ദ്ര മന്ത്രിയുമൊക്കെ ബിജെപിയുടെ കപട മതേതര മുഖങ്ങളാണ് എന്ന് ഇന്ത്യയിലെ ക്രൈസ്തവര്‍ തിരിച്ചറിയണം. ഇന്നലെ വഖഫ് ബോര്‍ഡിനെ ഉന്നം വെച്ചവര്‍ നാളെ സഭയുടെ സ്വത്തുക്കളെ ഉന്നം വെക്കുമെന്നു മനസിലാക്കണം. ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇവര്‍ ഭിന്നിപ്പിച്ചു കീഴടക്കും എന്നതു മനസിലാക്കണം - ചെന്നിത്തല പറഞ്ഞു.