ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണം: രമേശ് ചെന്നിത്തല

''ഈ കോടതി വിധി ഒരു നാഴികക്കല്ലാണ്. സർക്കാർ വഴിവിട്ട പ്രയത്‌നങ്ങൾ നടത്തിയിട്ടും ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇന്ന് സുപ്രീം കോടതി ഈ വിധി പറഞ്ഞിരിക്കുന്നത്.'

Update: 2021-07-28 13:55 GMT
Editor : Nidhin | By : Web Desk
Advertising

നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ വിധി സംസ്ഥാന സർക്കാരിനേറ്റ വലിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞു നാലു വർഷമായി കേസിൽ നിയമപോരാട്ടം നടത്തിയ വ്യക്തിയാണ് താനെന്ന് പറഞ്ഞ രമേശ് ചെന്നിത്തല കേസിൽ താൻ നടത്തിയ നിയമപോരാട്ടങ്ങളെ കുറിച്ചും ഫേസ്ബുക്കിൽ കുറിച്ചു.

''ഈ കോടതി വിധി ഒരു നാഴികക്കല്ലാണ്. സർക്കാർ വഴിവിട്ട പ്രയത്‌നങ്ങൾ നടത്തിയിട്ടും ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇന്ന് സുപ്രീം കോടതി ഈ വിധി പറഞ്ഞിരിക്കുന്നത്.'' - അദ്ദേഹം പറഞ്ഞു. കേസിൽ പ്രതിചേർക്കപ്പെട്ട നിലവിലെ വിദ്യാഭ്യാസമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും മുഖ്യമന്ത്രി മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീം കോടതി വിധി സ്വാഗതാർഹം ആണ്. കഴിഞ്ഞ നാലു വർഷങ്ങളായി ഈ സർക്കാർ വിവിധ കോടതികളിൽ ഈ കേസ് പിൻവലിക്കാൻ വേണ്ടി നടത്തിയ എല്ലാ പരിശ്രമങ്ങളും ഇതോടു കൂടി അവസാനിക്കുകയാണ്. ഇത് സംസ്ഥാന സർക്കാരിന് ഏറ്റ വലിയ തിരിച്ചടിയാണ്.

കഴിഞ്ഞ നാലു വർഷമായി ഒരു ജനപ്രതിനിധി എന്ന നിലയിൽ നിയമ പോരാട്ടം നടത്തിയ ഒരു വ്യക്തിയാണ് ഞാൻ. സർക്കാർ എല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ടു. ആദ്യമായി എം.പി, എം.എൽ.എ മാർക്കുള്ള കോടതിയിലാണ് സർക്കാർ ഇത് പിൻവലിക്കാനുള്ള ശ്രമം നടത്തിയത്. അതിനെതിരെ തടസ്സ ഹർജിയുമായി ഞാൻ മുന്നോട്ടു വന്നത് കൊണ്ടാണ് അന്ന് അത് പിൻവലിക്കാൻ കഴിയാതിരുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഈ കേസ് പരിഗണനയിൽ വന്നപ്പോൾ വിധി പറയുവാൻ ഒരു വർഷത്തോളം കാലതാമസമുണ്ടായി. ഹൈ ക്കോടതിയെ സമീപിച്ച് വേഗത്തിൽ തീർപ്പു വേണമെന്നാവശ്യപ്പെട്ട് നിയമ നടപടി സ്വീകരിച്ചിരുന്നു. അങ്ങനെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും സർക്കാരിനെതിരെ വിധി വന്നു. പിന്നീട് ഹൈക്കോടതിയിൽ സർക്കാർ ഈ കേസ് പിൻവലിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തി. ഹൈക്കോടതി സർക്കാരിൻ്റെ വാദങ്ങൾ തള്ളി കളഞ്ഞു. അവസാനം സുപ്രീം കോടതിയിൽ ഇടതു സർക്കാർ കേസ് പിൻവലിക്കണമെന്ന ഹർജിയുമായി ചെന്നപ്പോൾ ഒരു തടസ്സഹർജിയുമായി ഞാൻ മുന്നോട്ടു ചെന്നിരുന്നു.

ഈ കോടതി വിധി ഒരു നാഴികക്കല്ലാണ്. ഒരു നിയമസഭ അംഗം എന്ന രീതിയിൽ കിട്ടുന്ന പരിഗണന സഭയ്ക്കകത്ത് മാത്രമാണ്. ക്രിമിനൽ നടപടികൾ കൈകൊള്ളുന്ന വ്യക്തികൾക്ക് ഈ സംരക്ഷണം ഒരിക്കലും കിട്ടുകയില്ല എന്ന വിധിയാണ് ഇന്ന് സുപ്രീംകോടതി തീർപ്പാക്കിയത്. കേസ് പിൻവലിക്കാനുള്ള തീരുമാനം നീതി ന്യായ വ്യവസ്ഥയോടുള്ള ഒരു വെല്ലുവിളിയാണ്.

സഭയിൽ നടന്ന കയ്യാങ്കളി പാർലമെൻ്ററി പ്രൊസീജർൻ്റെ ഭാഗമായി കാണണമെന്ന വാദമാണ് സർക്കാർ മുന്നോട്ടു വച്ചത്. സുപ്രീം കോടതി ആ വാദം തള്ളിക്കളഞ്ഞിരിക്കുകയാണ്.സർക്കാർ വഴിവിട്ട പ്രയത്നങ്ങൾ നടത്തിയിട്ടും ജനാധിപത്യത്തിന്റെ ഉന്നതമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ഇന്ന് സുപ്രീം കോടതി ഈ വിധി പറഞ്ഞിരിക്കുന്നത്.

വിദ്യാഭ്യാസ മന്ത്രി കോടതി വിധി മാനിച്ച് രാജിവെച്ച് അന്വേഷണം നേരിടണം.ജനാധിപത്യ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടണം.


Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News