സജി ചെറിയാന്റെ വിവാദ പരാമർശം: ഭരണഘടനാ ശിൽപികളെ അവഹേളിച്ചിട്ടില്ലെന്ന് റെഫർ റിപ്പോർട്ട്

ജനപ്രതിനിധികളും സിപിഎം നേതാക്കളുമടക്കം 30ലേറെ പേരുടെ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയത്

Update: 2022-12-14 08:13 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റെഫർ റിപ്പോർട്ട് പുറത്ത്. സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണന്നും ഭരണഘടനയേയോ ഭരണഘടനാ ശിൽപികളെയോ അവഹേളിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ അന്വേഷണം നടത്തിയ തിരുവല്ല ഡി.വൈ.എസ്.പി ഈ മാസം ഒമ്പതിനാണ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

അഞ്ച് മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ തിരുവല്ല ഡിവൈഎസ്.പി സമർപ്പിച്ച റിപ്പോർട്ടിൽ സജി ചെറിയാന് ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഈ കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും പറയുന്നു. ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ കാലാകാലങ്ങളായി മാറി വരുന്ന ഭരണകൂടങ്ങൾ ഭരണഘടനയുപയോഗിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുകയാണന്നാണ് സജി ചെറിയാൻ പറഞ്ഞത്. രണ്ട് മണിക്കൂറും 28 മിനിറ്റും നീണ്ട് നിന്ന പ്രസംഗത്തിൽ ഒരിടത്തും അദ്ദേഹം ഭരണഘടനയേയോ ഭരണഘടന ശിൽപ്പികളെയോ അപമാനിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.

ജനപ്രതിനിധികളും സിപിഎം നേതാക്കളുമടക്കം 30ലേറെ പേരുടെ മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തിയത്. സജി ചെറിയാന്‍ ഭരണഘടനാ വിമർശനം നടത്തിയതായി തോന്നിയെന്ന് ഇവരിലൊരാളും മൊഴി നൽകിയിട്ടില്ലന്നും റെഫർ റിപ്പോർട്ടിൽ പറയുന്നു. ഇതിനാൽ ജില്ലാ ഗവണ്മെന്റ് പ്ലീഡറുടെ നിമോപദേശം സ്വീകരിച്ചാണ് അന്തിമ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും മുന്‍ മന്ത്രിയെ കുറ്റ വിമുക്തനാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പത്ത് പേജുള്ള റിപ്പോർട്ടിലൂടെ പൊലീസ് വ്യക്തമാക്കുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News