അവശ്യസാധനങ്ങളുടെ വിലക്കയറ്റം; സമരത്തിനൊരുങ്ങി ഹോട്ടലുടമകൾ
വിലവർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻറ് റെസ്റ്റോറൻറ് അസോസിയേഷൻ കേന്ദ്രസർക്കാരിനും ജി.എസ്.ടി കൗൺസിലിനും നിവേദനം നൽകി
കൊച്ചി: അവശ്യസാധനങ്ങളുടെ വിലവർധനവിനെതിരെ സമരത്തിനൊരുങ്ങി ഹോട്ടലുടമകൾ. വിലവര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ കേന്ദ്രസര്‍ക്കാരിനും ജി.എസ്.ടി കൗണ്‍സിലിനും നിവേദനം നല്‍കി. കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിനിടെ ചെറുകിട ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ജി. ജയപാല്‍ മീഡിയവണിനോട് പറഞ്ഞു.
അവശ്യസാധനങ്ങളുടെ വിലവര്‍ധന ഹോട്ടല്‍ഭക്ഷണത്തിന് വിലകൂടുന്നതിന് കാരണമാകും. നേരത്തെയുളള തിരക്ക് ഇപ്പോള്‍ ഹോട്ടലുകളിലുണ്ടാവുന്നില്ലെന്നും ഹോട്ടലുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. അരി, ഗോതമ്പ് അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ അവശ്യസാധനങ്ങളുടെ വിലയാണ് തിങ്കളാഴ്ച മുതൽ വർധിച്ചത്. ജി.എസ്.ടി കൗൺസിൽ നികുതി നിരക്കിൽ അപ്രതീക്ഷിത ഭേദഗതി വരുത്തിയതോടെയാണ് വില വർധനക്ക് കളമൊരുങ്ങിയത്.
കഴിഞ്ഞ മാസം 28, 29 തിയതികളിൽ ചേർന്ന ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം അനുസരിച്ച് ലേബൽ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയിൽ താഴെയുള്ള ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കുമാണ് നികുതി ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഈ മാസം 13ന് ജി.എസ്.ടി നിയമം ഭേദഗതിചെയ്ത് വിജ്ഞാപനം ഇറക്കിയപ്പോൾ 25 കിലോയെന്ന പരിധി സർക്കാർ എടുത്തുകളഞ്ഞു. ഇതോടെയാണ് ചില്ലറയായി തൂക്കിവിൽക്കുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും അടക്കം നികുതി ബാധകമായത്. അതുവരെ പായ്ക്കറ്റിൽ വിൽക്കുന്ന ബ്രാൻഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി.