തലസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപണികൾ വേഗത്തിൽ പൂർത്തിയാക്കണം; ഉത്തവിട്ട് ജില്ല കലക്ടർ
മീഡിയവൺ വാർത്തയെ തുടർന്നാണ് ഇടപെടൽ
തിരുവനന്തപുരം: നവീകരണത്തിനായി മേൽപ്പാളി മാറ്റിയ തലസ്ഥാനത്തെ റോഡുകൾ അപകടക്കെണിയായിട്ട് ഏറെ നാളുകളായി. റീടാറിംഗിനായി മില്ലിംഗ് ചെയ്ത റോഡുകളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ബി.ഒ.ടി വ്യവസ്ഥ പ്രകാരം 17 കിലോമീറ്റർ ദൂരമാണ് ഇത്തരത്തിൽ റീ ടാറിംഗ് ചെയ്യാൻ തീരുമാനിച്ചത്.
എന്നാൽ വിവിധ കാരണങ്ങളാൽ ടാറിംഗ് നീണ്ടുപോയി. മീഡിയവൺ വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് മില്ലിംഗ് ചെയ്തതടക്കമുള്ള നഗരത്തിലെ റോഡുകൾ എത്രയും വേഗം നവീകരിക്കാൻ കലക്ടർ ഉത്തരവിട്ടത്. മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി റോഡുകളുടെ റീ സർഫേസിംഗ് വേഗത്തിൽ പൂർത്തിയാക്കണം.
പി.ഡബ്ല്യൂ.ഡി റോഡ്‌സ് വിഭാഗം, കെ.ആർ.എഫ്.ബി, സ്മാർട്ട് സിറ്റി റോഡ്‌സ്, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ വകുപ്പുകൾ സമയബന്ധിതമായി ജോലി തീർക്കണം. റോഡുകളിൽ പുതിയ പ്രവർത്തികൾ ആരംഭിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.