പാരമ്പര്യവൈദ്യന്റെ കൊലപാതകം: മൃതദേഹം വെട്ടി മുറിക്കാൻ ഉപയോഗിച്ച പലകയുടെ മരക്കുറ്റി കണ്ടെത്തി
പൊലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടി മുറിക്കാൻ ഉപയോഗിച്ച പലകയുടെ മരകുറ്റി കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്. മുഖ്യപ്രതി ഷൈബിനെ അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും.
ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം ഇറച്ചി വെട്ടാനുപയോഗിക്കുന്ന മരത്തടിയിൽ വെച്ചാണ് പ്രതികൾ മൃതദേഹം വെട്ടിമുറിച്ചത്. ഈ തടിക്കഷ്ണം നിലമ്പൂരിലെ മര വ്യാപാരിയുടെ കയ്യിൽ നിന്നാണ് പ്രതികൾ വാങ്ങിയത്. മര വ്യാപാരിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ തടി വെട്ടിയെടുത്ത വീട് പോലീസ് കണ്ടെത്തിയത് . നിലമ്പൂർ റയിൽവെ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്നാണ് മരം, പണം കൊടുത്ത് വാങ്ങി മുറിച്ചത്.
ഈ വീട്ടുവളപ്പിൽ നിന്ന് വെട്ടിയെടുത്ത മരത്തിന്റെ ബാക്കി പുളിമര കുറ്റി പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് തൊട്ടടുത്ത ദിവസമാണ് മൃതദേഹം വെട്ടി മുറിക്കാനായി ഒന്നര മീറ്റർ നീളമുള്ള മരക്കഷ്ണം വാങ്ങിയതെന്ന് പ്രതി നൗഷാദ് പൊലീസ്ന് മൊഴി നൽകി . ഈ മരക്കഷ്ണം അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല .
പോലീസ് കണ്ടെത്തിയ പുളിമരക്കുറ്റിയിൽ നിന്നുള്ള മര കഷ്ണം തന്നെയാണ് വാങ്ങിയതെന്ന് തെളിവെടുപ്പിനിടെ പ്രതി സമ്മതിച്ചു. നൗഷാദിന് മരക്കഷ്ണം വിറ്റതായി മര വ്യാപാരിയും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതി ഷൈബിൻ ഉൾപ്പെടെയുള്ളവരെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഒളിവിൽ പോയ ഷൈബിന്റെ കൂട്ടാളികൾക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കും.ഇതിൽ രണ്ട് പേർ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസ് ന് ലഭിച്ച വിവരം.