തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് സാദിഖലി തങ്ങൾ

‘മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ ഇടർച്ച പാടില്ല’

Update: 2024-12-29 05:44 GMT
Advertising

കണ്ണൂർ: മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയെ സന്ദർശിച്ചു. ഞായറാഴ്ച രാവിലെ തലശ്ശേരി ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. സാദിഖലി തങ്ങളുടെ സന്ദർശനം ആദരവായി കാണുന്നുവെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. സൗഹൃദ സന്ദർശനമായിരുന്നു. ഈ സന്ദർശനം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിൽ രാഷ്ട്രീയമോ മറ്റു ലക്ഷ്യങ്ങളോയില്ല. വിവിധ വിഷയങ്ങൾ സംസാരിച്ചു. ഒരുമിച്ച് നിൽക്കാവുന്ന എല്ലാ മേഖലകളിലും ഒരുമിച്ച് നിൽക്കുമെന്നും പാംപ്ലാനി പറഞ്ഞു.

മതേതരത്വത്തെ ഊട്ടിയുറപ്പിക്കുന്ന സമീപനമാണ് ബിഷപ്പിന്റേതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. സമൂഹങ്ങളെ അടുപ്പിക്കണം, സമുദായങ്ങൾ ചേർന്നിരിക്കണം, പ്രശ്നങ്ങൾ കൂടിയിരുന്ന് പരിഹരിക്കണം. മുനമ്പം വിഷയത്തിൽ സമുദായങ്ങൾ തമ്മിൽ ഇടർച്ച പാടില്ല. മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്. ആദ്യം ആശങ്ക പരിഹരിക്കണം.

സത്വര പരിഹാരത്തിനായി സർക്കാർ മുന്നിട്ടിറങ്ങണം. താമസക്കാരെ കുടിയിറക്കരുത്. സർക്കാർ സമാധാനം പുനഃസ്ഥാപിക്കാൻ ഒന്നുകൂടി താൽപര്യമെടുത്ത് പ്രവർത്തിക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഷാഫി പറമ്പിൽ എംപിയും സാദിഖലി തങ്ങളുടെ കൂടെയുണ്ടായിരുന്നു.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News