' മർദനത്തെ തുടർന്നാണ് സജീവൻ മരിച്ചതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ക്രൈംബ്രാഞ്ചിനായില്ല'; അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കുടുംബം
വടകര സ്വദേശി സജീവൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാർക്ക് ഇന്നലെയാണ് മുൻകൂർ ജാമ്യം കിട്ടിയത്
കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്റെ മരണത്തിൽ അന്വേഷണ സംഘത്തിനെതിരെ കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സഹോദരൻ രവീന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. മറ്റേതെങ്കിലും എജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും മർദനത്തെ തുടർന്നാണ് സജീവൻ മരിച്ചതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ ക്രൈംബ്രാഞ്ചിനായില്ലെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ടാണ് എസ്‌ഐ അടക്കമുള്ളവർക്ക് ജാമ്യം ലഭിച്ചതെന്നും രവീന്ദ്രൻ പ്രതികരിച്ചു.
വടകര സ്വദേശി സജീവൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പൊലീസുകാർക്ക് കഴിഞ്ഞദിവസമാണ് മുൻകൂർ ജാമ്യം കിട്ടിയത് . വടകര എസ് ഐ നിജീഷ്, സിവിൽ പൊലീസ് ഓഫീസർ പ്രജീഷ്, എന്നിവർക്കും സസ്‌പെൻഷനിലുളള എ.എസ്.ഐ അരുൺ, സി.പി.ഒ ഗിരീഷ് എന്നിവർക്കുമാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
എസ് ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിലാണ്. കഴിഞ്ഞ മാസം 21 നായിരുന്നു വടകര പൊലീസ് വാഹനാപകട കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സജീവൻ കുഴഞ്ഞുവീണ് മരിച്ചത്. കസ്റ്റഡി മരണമെന്ന ആരോപണത്തെ തുടർന്ന് സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റിയിരുന്നു. വടകര ടൗണിലെ അടയ്ക്കാതെരുവിൽ വച്ച് സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. തുടർന്ന് പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സജീവനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ എസ്.ഐയും കോൺസ്റ്റബിളും സജീവനെ മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
തുടർന്ന് നെഞ്ച് വേദന അനുഭവപ്പെട്ട സജീവൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞെങ്കിലും ഗ്യാസിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മുക്കാൽ മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരുത്തുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ പോകണം എന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. പൊലീസ് വാഹനം ഉണ്ടായിട്ടും അതിൽ കൊണ്ടുപോകാനോ ആംബുലൻസ് വിളിക്കാനോ പൊലീസ് തയ്യാറായില്ല. സുഖമില്ലാതെ കിടക്കുന്നത് കണ്ട ഓട്ടോതൊഴിലാളികളാണ് ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നത്. രാത്രി 12 മണിയോടെയാണ് സജീവൻ മരിച്ചത്.