കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌ക്കരണം;അടിസ്ഥാന ശമ്പളം 23,000: മന്ത്രി ആന്റണി രാജു

8730ൽ നിന്നാണ് അടിസ്ഥാന ശമ്പളം 23,000 ആകുന്നതെന്നും പെൻഷൻകാർക്ക് മാത്രം മുൻകാല പ്രാബല്യത്താടെ 2021 ജൂൺ തൊട്ടുള്ള ആനുകൂല്യം നൽകുമെന്നും മന്ത്രി

Update: 2021-12-09 12:48 GMT
Advertising

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുമെന്നും 11ാം ശമ്പള സ്‌കെയിൽ പ്രകാരം അടിസ്ഥാന ശമ്പളം 23,000 ആയി നിശ്ചയിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. 8730ൽ നിന്നാണ് അടിസ്ഥാന ശമ്പളം 23,000 ആകുന്നതെന്നും പെൻഷൻകാർക്ക് മാത്രം മുൻകാല പ്രാബല്യത്താടെ 2021 ജൂൺ തൊട്ടുള്ള ആനുകൂല്യം നൽകുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്ക് 2022 ജനുവരി മുതലാണ് പരിഷ്‌കരണ ആനുകൂല്യം ലഭിക്കുക. ഡ്രൈവർ കം കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കുമെന്നും 14 വിഭാഗം മെക്കാനിക്കൽ ജീവനക്കാരെ രണ്ടു കാറ്റഗറി ആക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിനായി സ്‌പെഷ്യൽ റൂൾസ് ഇതിനായി ഭേദഗതി ചെയ്യുമെന്നും അറിയിച്ചു.

45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് അഞ്ചു വർഷം വരെ 50 % ശമ്പളത്തോടെ അവധി നൽകും. എം പാനൽ കാര്യം തീരുമാനിക്കാൻ മൂന്നംഗ സമിതി രൂപവത്കരിക്കും. സ്വിഫ്റ്റിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം നടപ്പാക്കും - മന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണത്തെ കുറിച്ച് മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചെന്നും പുതുക്കിയ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ഈ കരാറിൽ യൂണിയനുകൾ ഒപ്പിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വകാര്യ ബസ് സമരം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

Full View

അതേസമയം, ശമ്പള പരിഷ്‌കരിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതർഹമെന്ന് കെ.എസ്.ആർ.ടി.എ (സിഐടിയു) പറഞ്ഞു. ശമ്പള പരിഷ്‌കരണം അംഗീകരിക്കുന്നുവെന്നും കെ സ്വിഫ്റ്റിൽ വിട്ടു വീഴ്ചയില്ലെന്നും റ്റി.ഡി.എഫ് (ഐ.എൻ.ടി.യു.സി) അറിയിച്ചു. തുല്യ നീതിയുടെ വിജയമെന്നും കെ സ്വിഫ്റ്റിൽ നിയമനടപടി തുടരുമെന്നും ബി.എം.എസ് വ്യക്തമാക്കി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News