രാമക്ഷേത്ര പ്രതിഷ്ഠ: പ്രകോപന പ്രവര്‍ത്തനങ്ങളോ എഴുത്തോ ആരില്‍നിന്നും ഉണ്ടാകരുത്-ജിഫ്രി തങ്ങള്‍
'സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ശക്തമായി എതിര്‍ത്തുതോല്‍പ്പിക്കണം. വിഷയത്തെ വിവേകത്തോടെയും സംയമനത്തോടെയും സമീപിക്കണം.'
കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രവര്‍ത്തനങ്ങളോ എഴുത്തുകളോ ഒന്നും ആരില്‍നിന്നും ഉണ്ടാകരുതെന്ന് സമസ്ത പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മതസൗഹാര്‍ദം തകര്‍ക്കുന്നതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ മതേതര വിശ്വാസികള്‍ക്ക് അതീവ വേദനയും ദുഃഖവുമുണ്ട്. എന്നാല്‍, വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ ശക്തമായി എതിര്‍ത്തുതോല്‍പ്പിക്കണം. വിഷയത്തെ വിവേകത്തോടെയും സംയമനത്തോടെയുമാണ് സമീപിക്കേണ്ടത്. നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടാകണം പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളുമെന്നും ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു.
ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മതേതര, ജനാധിപത്യ വിശ്വാസികള്‍ തയാറാകണമെന്നും തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ഐക്യവും സൗഹാര്‍ദവും മതമൈത്രിയും തുടരാനുള്ള സാഹചര്യമാണ് വേണ്ടത്. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ഭരണരംഗങ്ങളില്‍ ഉത്തരവാദിത്തം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും മതസൗഹാര്‍ദത്തിനായി ശ്രമിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Summary: ''No provocative actions or writings should be done in connection with the Ram Mandir consecration in Ayodhya'': Calls Samastha President Sayyid Muhammad Jifri Muthukkoya Thangal