തുഞ്ചൻ പ്രതിമ, നോമ്പുകാലത്തെ മലപ്പുറം...വിമർശനങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ

''എം.ടി വാസുദേവൻ നായർ അധ്യക്ഷനായ മനോരമയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുഞ്ചൻ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്, പിന്നീട് എം.ടിയുടെ അഭിപ്രായപ്രകാരം പ്രതിമക്ക് ഭംഗി പോരാ എതിനാൽ പകരം ഇൻസ്റ്റലേഷൻ സ്ഥാപിക്കുകയായിരുന്നു. അതിൽ ഒരുതരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടായിരുന്നില്ല. മാത്രമല്ല തുഞ്ചൻ പ്രതിമ സ്ഥാപിക്കും എന്നു പറഞ്ഞു രണ്ടുമൂന്നു വർഷം മുമ്പ് ആയിരം പേരുടെ കമ്മിറ്റി ഉണ്ടാക്കി സ്ഥലം വിട്ട അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിന്നീട് ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല''

Update: 2025-04-06 09:07 GMT
Sandeep Warrier relpy to alligation against Malappuram
AddThis Website Tools
Advertising

കോഴിക്കോട്: മലപ്പുറം ജില്ലക്കെതിരായ സംഘ്പരിവാർ വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ പങ്കെടുത്ത ബിജെപി പ്രതിനിധി ഉന്നയിച്ച വിമർശനങ്ങൾ അക്കമിട്ടു പറയുന്നതാണ് സന്ദീപ് വാര്യരുടെ കുറിപ്പ്. ചർച്ചയിൽ പങ്കെടുത്ത വ്യക്തിയെ നേരിട്ട് വിളിച്ച് സംസാരിച്ചതിനെക്കുറിച്ചാണ് സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മലപ്പുറത്ത് തുഞ്ചൻ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കുന്നില്ല, പ്രചാരണത്തിന് പിന്നിലെന്ത്?

എം.ടി വാസുദേവൻ നായർ അധ്യക്ഷനായ മനോരമയുടെ നേതൃത്വത്തിലുള്ള സമിതിയാണ് തുഞ്ചൻ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്, പിന്നീട് എം.ടിയുടെ അഭിപ്രായപ്രകാരം പ്രതിമക്ക് ഭംഗി പോരാ എതിനാൽ പകരം ഇൻസ്റ്റലേഷൻ സ്ഥാപിക്കുകയായിരുന്നു. അതിൽ ഒരുതരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടായിരുന്നില്ല. മാത്രമല്ല തുഞ്ചൻ പ്രതിമ സ്ഥാപിക്കും എന്നു പറഞ്ഞു രണ്ടുമൂന്നു വർഷം മുമ്പ് ആയിരം പേരുടെ കമ്മിറ്റി ഉണ്ടാക്കി സ്ഥലം വിട്ട അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിന്നീട് ആ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.

നോമ്പുകാലത്ത് മലപ്പുറത്ത് ഹോട്ടലുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലേ?

നോമ്പുകാലത്ത് മലപ്പുറത്ത് ഭക്ഷണം കിട്ടുന്നില്ല എന്നതാണ് മറ്റൊരു വിമർശനം. അത് പൂർണമായും വസ്തുതാ വിരുദ്ധമാണ്. 70 ശതമാനം മുസ്‌ലിംകൾ ഉള്ള മലപ്പുറം ജില്ലയിൽ സ്വാഭാവികമായും നോമ്പ് സമയത്ത് ഹോട്ടൽ ബിസിനസും കുറവായിരിക്കും. ഭക്ഷണം കഴിക്കാൻ ആളുകൾ ഉണ്ടാവില്ല. ആ കാലത്ത് വലിയ കൂലി കൊടുത്ത് വൈദ്യുതി, വെള്ളം ചാർജുകളും നൽകി ഹോട്ടൽ നടത്തിക്കൊണ്ടു പോകാൻ പല ഉടമസ്ഥർക്കും താൽപര്യമുണ്ടാകില്ല. നോമ്പ് എടുക്കുന്ന വിശ്വാസികൾ ആ സമയത്ത് ഭക്ഷണം പാചകം ചെയ്യാനും കച്ചവടം ചെയ്യാനും ഒന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. അവർ സ്വമേധയാ സ്വന്തം കച്ചവടം പകൽ സമയത്ത് നടത്തുന്നില്ലെങ്കിൽ നമുക്കെങ്ങനെ നിർബന്ധിക്കാൻ പറ്റും? എന്നാൽ മലപ്പുറം ജില്ലയിൽ എത്രയോ ഹോട്ടലുകൾ നോമ്പ് സമയത്ത് തുറന്നു പ്രവർത്തിക്കുന്നുണ്ട്. എല്ലാ ടൗണുകളിലും എല്ലാ ഗ്രാമപ്രദേശങ്ങളിലും തുറന്നു പ്രവർത്തിക്കുന്ന ചായക്കടകളും ഹോട്ടലുകളുമൊക്കെ കാണാം. അവരെ ആരെയും നിർബന്ധിച്ച് അടപ്പിക്കുന്നുമില്ല.

ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും ഒക്കെ ചില ക്ഷേത്ര ഉത്സവങ്ങളുടെ സമയത്ത് ആ പരിസരപ്രദേശങ്ങളിൽ എവിടെയും മാംസ ഭക്ഷണം പാചകം ചെയ്യുന്നതിനും വിൽക്കുന്നതിനും ആ പ്രദേശങ്ങളിൽ താമസിക്കുന്ന അഹിന്ദുക്കളായ ആളുകളെ പോലും നിയമംമൂലം വിലക്കാറുണ്ട്. അതല്ലേ വർഗീയത? ക്ഷേത്രത്തിൽ ഉത്സവം ഉണ്ടെന്ന് കരുതി ആ ടൗണിൽ കിലോമീറ്ററുകൾക്ക് അപ്പുറത്ത് പോലും താമസിക്കുന്ന അഹിന്ദുക്കളായ ആരും മാംസ ഭക്ഷണം കഴിക്കരുത് എന്നു പറയാൻ നമ്മുടെ രാജ്യം ഒരു മതരാഷ്ട്രമാണോ? അതല്ലേ വർഗീയത?

അമുസ് ലിംകളെ മലപ്പുറത്ത് നിന്ന് ഭീഷണിപ്പെടുത്തി പലായനം ചെയ്യിപ്പിക്കുന്നുണ്ടോ?

ഏറ്റവും പ്രധാനപ്പെട്ടതും അതേസമയം ഗൗരവതരവുമായ ആരോപണം മലപ്പുറം ജില്ലയിൽ നിന്ന് അമുസ്‌ലിംകളെ ഭീഷണിപ്പെടുത്തി പലായനം ചെയ്യിപ്പിക്കുന്നു എന്നതാണ്. ലക്ഷക്കണക്കിന് അമുസ്‌ലിംകൾ ജീവിക്കുന്ന ജില്ലയാണ് മലപ്പുറം. മുസ്‌ലിം അല്ലാത്തതുകൊണ്ട് ഭീഷണിക്ക് വിധേയനായി നാടുവിടേണ്ടിവന്ന ഒരാളെയെങ്കിലും കാണിച്ചു തന്നാൽ വസ്തുതകൾ പരിശോധിച്ചു അദ്ദേഹത്തെ തിരികെ അവിടെ താമസിപ്പിക്കാൻ മുമ്പിൽ താൻ ഉണ്ടാവും. അത്തരത്തിൽ ആളുകൾ ഉണ്ടെങ്കിൽ ആ ലിസ്റ്റ് തരണം. ഒരു കള്ളം പലതവണ പറഞ്ഞ് സത്യമാക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി പ്രതിപക്ഷത്ത് പോലുമുള്ള മുനിസിപ്പാലിറ്റി മലപ്പുറം ജില്ലയിലുണ്ട് എന്നാലോചിക്കണം. അവിടെനിന്നാണ് ഹിന്ദുക്കളെ കൂട്ടപ്പാലായനം ചെയ്യിക്കുന്നു എന്ന് മറ്റേതോ ജില്ലയിലിരുന്ന് തട്ടിവിടുന്നത്.

കേരളത്തിൽ മറ്റെല്ലാ ജില്ലകളിലും ഉള്ളതുപോലെ നല്ല മനുഷ്യരും മോശം മനുഷ്യരും മലപ്പുറത്തുമുണ്ട്. മതേതരവാദികളും വർഗീയവാദികളും മറ്റെല്ലാ ജില്ലയിലും ഉള്ളതുപോലെ മലപ്പുറത്തുമുണ്ട്. എന്നു കരുതി ഒരു ജില്ലയെ മാത്രം ഇങ്ങനെ സ്ഥിരമായി അടച്ചാക്ഷേപിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല. മലപ്പുറം ജില്ലയിലെ മുസ്‌ലിം സമൂഹം വിദ്യാഭ്യാസപരമായും ജീവിത നിലവാരംകൊണ്ടും കേരളത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണ്. പ്രത്യേകിച്ചും മലപ്പുറത്തെ പെൺകുട്ടികൾ. വെൽ എജുക്കേറ്റഡ് ആൻഡ് വെൽ ഇൻഫോംഡ്. മലപ്പുറംകാരന്റെ രക്തത്തിൽ സംരംഭകത്വം ഉണ്ട്. സ്റ്റാർട്ടപ്പുകളുടെ കൂട്ടപ്പൊരിച്ചിൽ ആണ് മലപ്പുറത്ത്. കാൽ നൂറ്റാണ്ടിനപ്പുറത്ത് കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം അത് കൊച്ചി ആയിരിക്കില്ല മലപ്പുറം ആയിരിക്കും. എഴുതി വെച്ചോളൂ. മലപ്പുറം കേരളത്തിൻറെ ഗ്രോത്ത് എൻജിൻ ആകുന്ന കാലം വിദൂരമല്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News