'ലഹരിക്കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ മതം തിരയുന്നു'; കുറ്റകൃത്യങ്ങളുടെ മറവിൽ വിദ്വേഷ പ്രചരണം നടക്കുകയാണെന്ന് സത്താര്‍ പന്തല്ലൂര്‍
മുസ് ലിംകളെ അപകീര്‍ത്തിപ്പെടുത്തിയുള്ള പ്രസംഗങ്ങളും സാമൂഹ്യ മാധ്യമ പ്രചാരണങ്ങളും കൂടിവരുന്നുണ്ട്


കോഴിക്കോട്: ലഹരിക്കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ മതം തിരിച്ചുള്ള കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും അതിൻ്റെ പേരിൽ മുസ് ലിംകളെ അപകീര്‍ത്തിപ്പെടുത്തിയുള്ള പ്രസംഗങ്ങളും സാമൂഹ്യ മാധ്യമ പ്രചാരണങ്ങളും കൂടിവരുന്നുണ്ടെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താര്‍ പന്തല്ലൂര്‍. ഇസ് ലാം വന്‍പാപങ്ങളിലൊന്നായി എണ്ണുകയും എല്ലാ തിന്‍മകളുടെയും താക്കോലായി വിശേഷിപ്പിക്കുകയും ചെയ്ത കുറ്റമാണ് ലഹരി ഉപയോഗമെന്നും ഒരിക്കലും ഒരു വിശ്വാസിക്ക് അത്തരം തിന്‍മ ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കുറ്റവാളികളുടെ മതം തിരയുന്നവരോട്
ലഹരിക്കേസുകളില്‍ പിടിക്കപ്പെടുന്നവരുടെ മതം തിരിച്ചുള്ള കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, അതിൻ്റെ പേരിൽ മുസ് ലിംകളെ അപകീര്‍ത്തിപ്പെടുത്തിയുള്ള പ്രസംഗങ്ങളും സാമൂഹ്യ മാധ്യമ പ്രചാരണങ്ങളും കൂടിവരുന്നുണ്ട്. തീർത്തും വര്‍ഗീയ ലക്ഷ്യത്തോടെയാണ് ചിലർ ഇത് ഏറ്റെടുത്തിട്ടുള്ളത്.
ഇസ്‍ലാം വന്‍പാപങ്ങളിലൊന്നായി എണ്ണുകയും എല്ലാ തിന്‍മകളുടെയും താക്കോലായി വിശേഷിപ്പിക്കുകയും ചെയ്ത കുറ്റമാണ് ലഹരി ഉപയോഗം. അതായത്, ഒരിക്കലും ഒരു വിശ്വാസിക്ക് അത്തരം തിന്‍മ ചെയ്യാന്‍ കഴിയില്ല. ഇനി ചെയ്യുന്നവരുണ്ടെങ്കില്‍ തന്നെ, അതിനെ മതത്തിന്‍റെ ലേബലില്‍ ഉള്‍പ്പെടുത്താനും കഴിയില്ല. മതത്തിൽ നിന്നോ വിശ്വാസത്തിൽ നിന്നോ ഉള്ള പ്രചോദനം കാരണമല്ലല്ലോ ആരും കുറ്റകൃത്യം ചെയ്യുന്നത്.
കേന്ദ്രസര്‍ക്കാര്‍ 2022ല്‍ ഇറക്കിയ കുറ്റകൃത്യ നിരക്ക് സ്റ്റാസ്റ്റിറ്റിക്‌സില്‍ കേരളത്തിലെ ജില്ലകള്‍ തിരിച്ചുള്ള കണക്കില്‍ മലപ്പുറം കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള കോട്ടയത്തെ നിരക്ക് 2.16 % ആണെങ്കില്‍ മലപ്പുറത്തെ കുറ്റകൃത്യനിരക്ക് ജനസംഖ്യയിൽ വലിയ വ്യത്യാസമുണ്ടായിട്ടും 0.33 ശതമാനം മാത്രമാണ്. ദേശീയതലത്തില്‍ നോക്കുകയാണെങ്കില്‍ ലക്ഷദ്വീപ് ആണ് കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള പ്രദേശം. കഴിഞ്ഞയാഴ്ച ആഗോളതലത്തിലെ കണക്കും വന്നിരുന്നു. ആദ്യ രണ്ടു സ്ഥാനങ്ങളിലും ഗള്‍ഫ് രാഷ്ട്രങ്ങള്‍ ആയിരുന്നു, യുഎഇയും ഖത്തറും. സ്‌കാന്റനേവിയന്‍ രാജ്യങ്ങള്‍ പോലും ഇസ് ലാമിക രാജ്യങ്ങള്‍ക്ക് താഴെയാണ്.
പറഞ്ഞുവരുന്നത് ഇത്രമാത്രം: മതം പഠിച്ച് അതു ജീവിതത്തില്‍ പകര്‍ത്തി ജീവിക്കുമ്പോള്‍ കുറ്റകൃത്യം കുറയും. ഇനി ഏതെങ്കിലും ലക്ഷ്യത്തോടെ തിന്‍മകളെ മതത്തിന്‍റെ ലേബലില്‍ കാണുന്നവരുണ്ടെങ്കില്‍, നന്മകളെയും മതത്തിന്‍റെ ലേബലില്‍ കാണാന്‍ തയാറാകണം.
പലിശ നിഷിദ്ധമായതിനാല്‍ അത് ഒഴിവാക്കിയതുമൂലം മുസ് ലിം നിക്ഷേപകരുടെ 67,50,000 കോടി രൂപ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുകയാണെന്ന് മുമ്പ് ആര്‍ബിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമ്പാദിക്കേണ്ടത് മതം അനുവദിച്ച മാർഗത്തിലൂടെയാവണമെന്ന് ഇസ് ലാം നിഷ്‌കര്‍ഷിക്കുന്നതുകൊണ്ടാണത്. മതവിശ്വാസികള്‍ക്ക് ഒരിക്കലും തെറ്റായ മാർഗത്തിലൂടെ പണം ഉണ്ടാക്കാന്‍ കഴിയില്ല. തങ്ങളുടെ സമ്പത്ത് ശുദ്ധീകരിക്കാനാണ് മുസ് ലിംകള്‍ അവരുടെ സമ്പത്തിന്‍റെ നിശ്ചിത വിഹിതം എല്ലാ വർഷവും സകാത്ത് എന്ന നിര്‍ബന്ധദാനം ചെയ്യുന്നത്.
ഇന്ത്യയുടെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇല്ലെങ്കിലും കൂടുതല്‍ ദാനധര്‍മം ചെയ്യുന്നവരുടെ പട്ടികയില്‍ അസിം പ്രേംജി ഉള്‍പ്പെട്ടതും ഇക്കാരണത്താലാണ്. സഹായം ചോദിച്ചു വരുന്നവരോട് മുഖം തിരിക്കാൻ വിശ്വാസിക്ക് കഴിയില്ല. നമ്മുടെ നാട്ടിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾ വിശകലനം ചെയ്താൽ ഇത്തരം കാര്യങ്ങൾ കൂടുതൽ ബോധ്യമാവും. ഇക്കാരണത്താലാണ് മുസ് ലിം പ്രദേശങ്ങളില്‍ പുറത്തുനിന്നുള്ള പിരിവുകാരും യാചകരും കൂടുതല്‍ എത്തുന്നത്. മറ്റു മത വിഭാഗങ്ങളെ ഇകഴ്ത്താനല്ല, സമൂഹത്തിൽ നടക്കുന്ന നന്മകളെ മറച്ച് വെച്ച് കുറ്റകൃത്യങ്ങളുടെ മറവിൽ വിദ്വേഷ പ്രചരണം നടക്കുന്ന കാലത്ത് ഇതെല്ലാം ചേർത്ത് വായിക്കേണ്ടതാണ്.
അതുപോലെ, ലഹരിക്കേസില്‍ പിടിക്കപ്പെടുന്നവരുടെ പട്ടികയിലെ അറബിപ്പേര് കണ്ട് എടുത്ത് ചാടുന്നവര്‍, നന്മയിലും പരോപകാരത്തിലും പങ്കാളികളാകുന്ന അറബിപ്പേരുകൾ കൂടി ചര്‍ച്ചയാക്കണം.