ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബാനറിൽ സവർക്കറുടെ ചിത്രം; കോണ്‍ഗ്രസ് നേതാവിന് സസ്പെന്‍ഷന്‍
വിവാദമായതോടെ ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ച് മറച്ചു
ആലുവ: ആലുവയിൽ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബാനറിൽ സവർക്കറുടെ ചിത്രവും ഇടംപിടിച്ചു. ബാനർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ മഹാത്മാഗാന്ധി യുടെ ചിത്രം ഉപയോഗിച്ച് ബാനർ മറച്ചു. സംഭവം വിവാദമായതോടെ ഐഎൻടിയുസി ചെങ്ങമനാട് മുന്‍ മണ്ഡലം പ്രസിഡന്റ് സുരേഷിനെ സസ്പെൻഡ് ചെയ്തു.
സുരേഷിന്റെ നേതൃത്വത്തിലാണ് ബാനർ സ്ഥാപിച്ചതെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടിയെടുത്തത്. ആലുവ നെടുമ്പാശേരി എയർപോർട്ട് ജംഗ്ഷന് സമീപം കോട്ടായിയിൽ ദേശീയപാതയിൽ സ്ഥാപിച്ച ബാനറിലാണ് സവർക്കറുടെ ചിത്രവും ഇടം പിടിച്ചത്.
രവീന്ദ്രനാഥ് ടാഗോർ, അബ്ദുൾകലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങൾക്കൊപ്പമാണ് സവർക്കറിന്റെ ചിത്രവും ഇടം പിടിച്ചത്. ജോഡോ യാത്ര അത്താണിയിൽ എത്തുന്നതിന് മുമ്പായിരുന്നു ചിത്രം മറച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. അൻവർ സാദത്ത് എം.എൽ.എയുടെ വീടിന് സമീപം കോട്ടായി ജങ്ഷനിലാണ് വിവാദ ബാനർ സ്ഥാപിച്ചത്.