'ഇന്ത്യയുടെ ഭരണഘടന, മതേതരത്വം, ജനാധിപത്യം എല്ലാം സംരക്ഷിക്കാൻ ഞങ്ങളുണ്ടെന്ന് ഇന്ത്യൻ ജനത പ്രഖ്യാപിച്ചിരിക്കുന്നു'; സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാർഥികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് വിജയിച്ചുകയറിയിരിക്കുന്നത്
മലപ്പുറം: നേരത്തെയുളള പലധാരണകളെയും തിരുത്തിക്കൊണ്ടുളള ഫലപ്രഖ്യാപനമാണ് ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. എക്സിറ്റ് പോളുകളുടെ കണ്ടെത്തൽ വളരെ നിരാശജനകമായിരുന്നു. പക്ഷെ അതിൽനിന്നൊക്കെ വ്യത്യസ്തമായി ഇന്ത്യൻജനത മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ അടയാളമായി ഈ തെരഞ്ഞെടുപ്പ് വിജയം. ഇന്ത്യയുടെ ഭരണഘടന, മതേതരത്വം, ജനാധിപത്യം എല്ലാം സംരക്ഷിക്കാൻ ഞങ്ങളുണ്ടെന്ന് ഇന്ത്യൻ ജനത പ്രഖ്യാപിച്ചിരിക്കുകയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ബി.ജെ.പിയുടെ അവകാശ വാദങ്ങൾ എല്ലാം പൊളിഞ്ഞു. മാത്രമല്ല ഇൻഡ്യാ മുന്നണിക്ക് വലിയ പ്രതീക്ഷയും പ്രത്യാശയും കെെവന്നിരിക്കുകയാണെന്നും കേരളജനതയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗത്തു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‌ലിം ലീഗിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി സംവിധാനം കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചതിന്റെ നേട്ടമാണ് വോട്ടെടുപ്പില്‍ ലഭിച്ചതെന്ന് ഇടി മുഹമ്മദ് ബഷീര്‍. ദേശീയതലത്തില്‍ വന്‍ മുന്നേറ്റമാണ് ഇന്‍ഡ്യാ മുന്നണി ഉണ്ടാക്കിയത്. തൃശ്ശൂരില്‍ ബി.ജെ.പിയെ സി.പി.എം സഹായിച്ചുവെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ മീഡിയവണിനോട് പ്രതികരിച്ചു.