ആംബുലൻസിന് തടസം സൃഷ്‌ടിച്ച ബൈക്കുകാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു
ഒരു മണിക്കൂർ തടസ്സം ഉണ്ടാക്കി ആംബുലൻസിനു മറികടക്കാൻ അനുവദിക്കാതെ 22 കിലോമീറ്ററിലധികം ബൈക്ക് ഓടി
വയനാട്: ആംബുലൻസിന് മാർഗതടസം സൃഷ്‌ടിച്ചതിൽ സ്‌കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. അടിവാരം മുതൽ കാരന്തൂർ വരെ തടസമുണ്ടാക്കിയതിൽ കോഴിക്കോട് ചെലവൂർ സ്വദേശി സി കെ ജഫ്‌നാസിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്‌തത്. ആറുമാസത്തേക്കാണ് നടപടി. 5000 രൂപ പിഴയും ഈടാക്കി.
അടിയന്തര ചികിത്സ നടത്തേണ്ട രോഗിയുമായി മേപ്പാടിയിൽ നിന്നു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലേക്കു വരുംവഴിയാണ് ആംബുലൻസിന് ബൈക്ക് തടസം സൃഷ്‌ടിച്ചത്. ഒരു മണിക്കൂർ തടസ്സം ഉണ്ടാക്കി ആംബുലൻസിനു മറികടക്കാൻ അനുവദിക്കാതെ 22 കിലോമീറ്ററിലധികം ബൈക്ക് ഓടി. അടിയന്തര സൈറൺ മുഴക്കിയിട്ടും ഇടയ്ക്ക് ഹോൺ പ്രവർത്തിച്ചിട്ടും സ്‌കൂട്ടർ യാത്രക്കാരൻ മാറിയില്ലെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
ഒടുവിൽ കാരന്തൂർ ജംക്‌ഷനിൽ 11.10ന് എത്തിയപ്പോൾ റോഡിൽ തിരക്കായി. ഇതിനിടയിൽ ആംബുലൻസ് മെഡിക്കൽ കോളജ് റോഡിലേക്ക് കയറി ബൈക്ക് യാത്രക്കാരനിൽ നിന്നു രക്ഷപ്പെടുകയായിരുന്നു. ഒരു മണിക്കൂർ വൈകിയാണ് ആംബുലൻസ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ എത്തിയത്.