നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി
കയ്യാങ്കളിയുടെ സന്ദേശമെന്തെന്നും കോടതി ചോദിച്ചു
നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ തിരിച്ചടി. വിഷയം കൂടുതൽ വിശദമായി പഠിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി വിധിയിൽ എന്തൊക്കെയാണുള്ളതെന്ന് ആദ്യം പരിശോധിക്കണം. അതിനു ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാമെന്നും കോടതി പറഞ്ഞു.
ബജറ്റ് അവതരണം തടസപ്പെടുത്താനാണ് എം.എൽ.എ മാർ ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഇക്കാര്യം പരിശോധിക്കണമെന്നും കോടതി പറഞ്ഞു. ഈ കേസ് പിൻവലിക്കണം എന്നാവശ്യപ്പെടാൻ സർക്കാരിന് നിയമപരമായ അവകാശമില്ല. പ്രോസിക്യൂഷൻ ആണ് ഇക്കാര്യത്തിൽ നിലപാട് അറിയിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇക്കാര്യവും വിശദമായി പഠിക്കണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. എം.എൽ.എമാരെ ഏഴ് ദിവസം സസ്‌പെൻഡ് ചെയ്തിരുന്നുവെന്ന് സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ കോടതിയെ അറിയിച്ചു
എം.എൽ.എമാരുടേത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും കോടതി പറഞ്ഞു. കയ്യാങ്കളിയുടെ സന്ദേശമെന്തെന്നും കോടതി ചോദിച്ചു. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.