ഫോണില്‍ വിളിച്ച് ഒറ്റക്ക് വരാന്‍ ആവശ്യപ്പെടും, കാമുകിമാരില്‍ ഒരാളാവണമെന്ന് പറയും; വി.ആര്‍ സുധീഷിനെതിരെ പരാതിക്കാരി
ജീവിക്കാൻ സമ്മതിക്കാത്ത തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നും എഴുത്തുകാരിയെന്ന നിലയിൽ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും പരാതിക്കാരി മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: കഥാകൃത്ത് വി.ആര്‍ സുധീഷ് 2019 മുതല്‍ നിരന്തരം ലൈംഗിക ഉദ്ദേശ്യത്തോടുകൂടി തന്നെ ശല്യപ്പെടുത്തുന്നതായി കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരി. ജീവിക്കാൻ സമ്മതിക്കാത്ത തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നും എഴുത്തുകാരിയെന്ന നിലയിൽ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നും പരാതിക്കാരി മീഡിയവണിനോട് പറഞ്ഞു. എഴുത്തുകാരിയും പ്രസാധകയുമായ പരാതിക്കാരിയുടെ അടിസ്ഥാനത്തില്‍ സുധീഷിനെതിരെ കോഴിക്കോട് വനിതാ പൊലീസ് കേസെടുത്തിട്ടുണ്ട്.
പരാതിക്കാരിയുടെ വാക്കുകള്‍
2018 ഡിസംബറിലാണ് ഞാന്‍ ഒലിവ് പബ്ലിക്കേഷന്‍സിന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററായി ജോയിന്‍ ചെയ്യുന്നത്. 2019ലാണ് വി.ആര്‍ സുധീഷിനെ പരിചയപ്പെടുന്നത്. അതിനു മുന്‍പ് ഈ മേഖലയില്‍ ആയിരുന്നെങ്കിലും അതൊരു പുതിയ പബ്ലിക്കേഷനായിരുന്നു. അദ്ദേഹത്തെ വായിച്ചു മാത്രമേ നമുക്ക് പരിചയമുള്ളൂ. ഒരുപാട് ആരാധിക്കുന്ന എഴുത്തുകാരനാണ്. അദ്ദേഹത്തോട് പുസ്തകം ചോദിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് വീട്ടിലേക്ക് വരാന്‍ പറഞ്ഞതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകയോടൊപ്പം അദ്ദേഹത്തിന്‍റെ വീട്ടിലെത്തുന്നത്. എഴുത്തുകളിലൂടെ കണ്ട എഴുത്തുകാരനെ കണ്ട എക്സൈറ്റ്മെന്‍റൊക്കെ ആ സമയത്ത് ഉണ്ടായിരുന്നു. സ്നേഹത്തോടെയാണ് അന്നു പെരുമാറിയത്. അന്ന് അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു ഭാര്യയാണോ എന്നറിയില്ല. അവര്‍ ഞങ്ങളോട് മക്കളെ ഭക്ഷണം കഴിക്കാന്‍ എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നപ്പോള്‍ ചേര്‍ത്തുപിടിച്ചു. സ്വഭാവികമായി അസ്വസ്ഥത തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. പിന്നീട് സെല്‍ഫി എടുക്കുന്ന സമയത്ത് എന്‍റെ കൂടെയുണ്ടായിരുന്ന സബ് എഡിറ്ററെയും അങ്ങനെ പിടിച്ചു.
നമ്മളെ വല്ലാതെയങ്ങ് സ്നേഹിക്കുന്ന പോലെ, സൗന്ദര്യത്തെ വല്ലാതെ വര്‍ണിക്കുന്ന പോലെയൊക്കെ തോന്നി. പിന്നെ അങ്ങോട്ട് പോകാന്‍ ഭയമായിരുന്നു. പിന്നെ പുസ്തകത്തിന്‍റെ കാര്യം പറയുമ്പോള്‍ എന്‍റെ സബ് എഡിറ്ററെ വിടാമെന്ന് പറഞ്ഞാലും അദ്ദേഹം സമ്മതിക്കാറില്ല. ഞാന്‍ തന്നെ ചെല്ലണമെന്ന് പറയും. ചേച്ചിയുണ്ട് ഇവിടെ, നീ ഒറ്റക്ക് വന്നാല്‍ മതി തുടങ്ങി അദ്ദേഹം അയച്ച മെസേജുകള്‍ എന്‍റെ കയ്യിലുണ്ട്. എന്നെ ജീവിക്കാന്‍ സമ്മതിക്കാത്തതുകൊണ്ടും മോശമായി പറയുന്നതുകൊണ്ടും തന്നെയാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. എനിക്കിനി പ്രസാധകയോ എഴുത്തുകാരിയോ ആവണ്ട ഒരു ദിവസമെങ്കിലും ഒരു ദിവസം പേടിയില്ലാതെ ജീവിക്കണം. ഫോണില്‍ വിളിച്ച് ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെടാറുണ്ട്. നിനക്കൊരു സ്നേഹവുമില്ല, നിനക്ക് പുസ്തകങ്ങളുടെ കാര്യം പറയാനേ സ്നേഹമുള്ളൂ. എനിക്ക് ഇഷ്ടം പോലെ കാമുകിമാരുണ്ട്, അവരില്‍ ഒരാളാവണം എന്നൊക്കെ പറയാറുണ്ട്. ഒരു പൊതു വാട്ട്സാപ്പ് ഗ്രൂപ്പിലെ സംഭാഷണത്തിനിടയില്‍ അദ്ദേഹം സുന്ദരി, ഐ ലവ് യൂ എന്നൊക്കെ പറഞ്ഞിട്ടുണ്ട്. പലരുടെയും ജീവിതം അദ്ദേഹം നശിപ്പിച്ചിട്ടുണ്ട്. പ്രശസ്തരായതുകൊണ്ടാണ് അവര്‍ പുറത്തുപറയാത്തത്.