ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ഷാരൂഖ് സെയ്ഫിക്ക് അഭിഭാഷകരെ കാണാം; അനുമതി നൽകി കൊച്ചി എൻ.ഐ.എ കോടതി

വിയൂർ ജയിലിൽ വച്ച് അരമണിക്കൂർ സമയം അഭിഭാഷകരെ കാണാനാണ് കോടതി അനുമതി നൽകിയത്

Update: 2023-05-25 11:54 GMT
Shahrukh Saifi meets lawyers without officers present, Kochi NIA court granted permission, Shahrukh Saifi  case updates, elathoor train fire case, latest malayalam news,
AddThis Website Tools
Advertising

കൊച്ചി: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകരെ കാണാൻ അനുമതി. വിയൂർ ജയിലിൽ വച്ച് അരമണിക്കൂർ സമയം അഭിഭാഷകരെ കാണാനാണ് കോടതി അനുമതി നൽകിയത്. ഷാരൂഖ് സെയ്‌ഫിയുടെ അപേക്ഷയിൽ കൊച്ചി എൻഐഎ കോടതിയാണ് അനുമതി നൽകിയത്.

ഗുരുതര ആരോപണങ്ങളാണ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ഷാരൂഖ് സെയ്ഫി ഉന്നയിച്ചത്. നോട്ടീസിലാതെ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദിവസങ്ങളോളം എൻഐഎ ചോദ്യം ചെയ്തുവെന്നും ഉദ്യോഗസ്ഥരുടെ പീഡനം കാരണമാണ് സുഹൃത്തിന്റെ പിതാവ് ജീവനൊടുക്കിയതെന്നും ഷാരൂഖ് അപേക്ഷയിൽ ആരോപിച്ചിരുന്നു.

തങ്ങൾ പറയുന്നത് അംഗീകരിച്ചില്ലെങ്കിൽ പ്രതികളാക്കുമെന്ന് പറഞ്ഞ് ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായും ഷാരൂഖിന്റെ അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ ദിവസം ഷാരൂഖിന്റെ സുഹൃത്ത് മുഹമ്മദ് മോനിസിനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മോനിസിനൊപ്പം പിതാവ് മുഹമ്മദ് റഫീഖും എത്തിയിരുന്നു. പിന്നാലെ, റഫീഖിനെ എറണാകുളത്തെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ഷാരൂഖ് കോടതിയെ സമീപിച്ചത്.

ഈ മാസം 27 വരെയാണ് ഷാരൂഖ് സെയ്‌ഫിയെ റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. ഷാരൂഖ് സെയ്‌ഫിയെ നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്ന് കഴിഞ്ഞ റിമാൻഡ് കാലാവധി അവസാനിച്ചപ്പോൾ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഷാരൂഖിന് മുൻപ് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം വേണ്ട ചികിത്സ നൽകിയിരുന്നില്ലെന്നും കുടുംബം പറഞ്ഞതായി അഭിഭാഷകൻ ചൂണ്ടിക്കാട്ടുകയും ചെയ്‌തു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News